വായ്പ മൊറട്ടോറിയത്തില്‍ സെപ്റ്റംബര്‍ 28വരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി.

Advertisement

Advertisement

വായ്പ മൊറട്ടോറിയം കാലയളവില്‍ പലിശ ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജ്ജികളില്‍ സെപ്റ്റംബര്‍ 28വരെ നടപടി പാടില്ലെന്ന് സുപ്രീം കോടതി. തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകള്‍ എന്‍പിഎ(നിഷ്‌ക്രിയ ആസ്തി)കളായി ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രഖ്യാപിക്കരുതെന്നും കോടതി വിധിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്. എല്ലാഹര്‍ജിക്കാരുടെയും വാദംകേട്ട സുപ്രീം കോടതി രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശംനല്‍കി. സെപ്റ്റംബര്‍ 28വരെ വായ്പ അടയ്ക്കാത്തവരുടെ ക്രഡിറ്റ് റേറ്റിംഗ് താഴ്ത്താന്‍ പാടില്ലെന്നും നിലവിലെ സ്ഥിതി നിലനിര്‍ത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മോറട്ടോറിയം പലിശ ഒഴിവാക്കുന്നകാര്യത്തില്‍ റിസര്‍വ് ബാങ്കിനേക്കാള്‍ ഉയര്‍ന്നതലത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എല്ലാമേഖലയ്ക്കും ആശ്വാസം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രത്യാഘാതങ്ങളുണ്ടാക്കുന്നതരത്തില്‍ തിടുക്കത്തില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നകാര്യത്തില്‍ ജാഗ്രതവേണമെന്നും മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു.