വേലൂര്‍ കുട്ടംകുളം – മെഡിക്കല്‍ കോളേജ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ 50 ലക്ഷം രൂപ ചിലവിലാണ് റോഡ് നിര്‍മ്മിക്കുന്നത്. പഞ്ചായത്ത് എട്ടാം വാര്‍ഡ് വേലൂര്‍ ചുങ്കം കുട്ടംകുളം കുരിശുപള്ളി മുതല്‍ അവണൂര്‍ ഗ്രാമപഞ്ചായത്ത് അതിര്‍ത്തി വരെയാണ് റോഡ് നിര്‍മ്മാണം നടത്തുന്നത്. വെള്ളമൊഴുകി പോകുന്നതിന് കാനയില്ലാത്തതിനാല്‍ പ്രളയത്തില്‍ റോഡ് തകര്‍ന്നു പോയിരുന്നു. വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ 1439 മീറ്റര്‍ നീളം കാനയും 90 മീറ്റര്‍ നീളം ഐറിഷ് ഡ്രയിനും നിര്‍മ്മിക്കുന്നതിനായി പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മെയ്തീന്‍ കുട്ടംകുളം സെന്ററില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ് കുമാര്‍ അദ്ധ്യക്ഷയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കുരിയാക്കോസ് ജോണ്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ ശുഭ അനില്‍കുമാര്‍, ടി.ആര്‍ ഷോബി, ഗ്രാമ പഞ്ചായത്ത് അംഗം അരുന്ധതി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.