നിര്‍മ്മാണം പൂര്‍ത്തികീരിച്ച കുന്നംകുളത്തെ പുതിയ ബസ്റ്റാന്‍ഡ് തിങ്കളാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും.

Advertisement

Advertisement

നിര്‍മ്മാണം പൂര്‍ത്തികീരിച്ച കുന്നംകുളത്തെ പുതിയ ബസ്റ്റാന്‍ഡ് തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് പതിറ്റാണ്ടിലേറെക്കാലമായി രാഷ്ട്രീയ വിവാദങ്ങള്‍ക്കും, നിയമയുദ്ധങ്ങള്‍ക്കും കാരണമായ പുതിയ ബസ്റ്റാന്‍ഡ് യാഥാര്‍ത്ഥ്യമാക്കാനായതിന്റെ ആഹ്ലാദത്തിലാണ് നിലവിലെ ഭരണസമിതി. ഉദ്ഘാടന ചടങ്ങ് സിസിടിവി തത്സമയം സംപ്രേഷണം ചെയ്യും. വ്യാപാരനഗരിയുടെ വികസനത്തിന് പുതിയ ദിശാബോധമേകുന്ന പുതിയ ബസ്റ്റാന്‍ഡിന്റെ ഉദ്ഘാടനം കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് തന്നെ കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ ഭരണസമിതി. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെയാണ് ബസ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. മന്ത്രി ഏ.സി.മൊയ്തീന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖ സാന്നിധ്യങ്ങളായ വി.കെ.ശ്രീരാമന്‍, ടി.ഡി.രാമകൃഷ്ണന്‍, റഫീഖ് അഹമ്മദ്,ബി.കെ.ഹരിനാരായണന്‍,കലാമണ്ഡലം നിര്‍വ്വാഹക സമിതിയംഗം ടി.കെ.വാസു എന്നിവര്‍ മുഖ്യാതിഥികളാകും. തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍, ജില്ലാകളക്ടര്‍ എസ്.ഷാനവാസ്, നഗരകാര്യഡയറക്ടര്‍ രേണുരാജ് തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തിന്റെ ജ്യോഗ്രഫിക്കല്‍ സെന്റര്‍ എന്ന് വിശേഷിപ്പിക്കാവുന്ന കുന്നംകുളത്തിന്റെ വികസനരംഗത്തെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പുതിയ ബസ്റ്റാന്‍ഡ്. നിലവിലെ ബസ്റ്റാന്‍ഡിന്റെ അപര്യാപ്തതയും,സൗകര്യകുറവും മൂലം ഏ.സി.മൊയ്തിന്റെ ആസ്തി വികസനഫണ്ടില്‍ നന്നും 4.35 കോടി രൂപയും, കുന്നംകുളം അര്‍ബ്ബന്‍ ബാങ്കിന്റെ 8.5 കോടി രൂപയുടെ വായ്പയും വിനിയോഗിച്ചാണ് പുതിയ ബസ്റ്റാന്‍ഡ് യാഥാര്‍ത്ഥ്യമാക്കിയത്.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയ്ക്കായിരുന്നു നിര്‍മ്മാണ ചുമതല.ഇരുവശത്തും 14 ബസ് ബേ വീതം ആകെ 28 ബസ് ബേ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.കൂടാതെ ടെര്‍മിനലില്‍ നിന്ന് മാറി 15 ബസ്സുകള്‍ക്കുള്ള പാര്‍ക്കിംഗ് ഏരിയയും സജ്ജമാക്കിയിട്ടുണ്ട്.ആകെ 15.45 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. അപ്രോച്ച് റോഡ് , എക്‌സിറ്റ് റോഡ് എന്നിവയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിച്ച ശേഷമേ ബസുകള്‍ സ്റ്റാന്‍ഡിലെത്തുകയുള്ളൂവെന്ന് ഭരണസമിതിയംഗങ്ങള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍പേഴ്‌സന് പുറമേ തദ്ദേശമന്ത്രിയുടെ പ്രതിനിധി ടി.കെ.വാസു,നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം.സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ കെ.കെ.ആനന്ദന്‍, സുമ ഗംഗാധരന്‍, കെ.കെ.മുരളി, ഗീത ശശി,മിഷ സെബാസ്റ്റ്യന്‍, മുന്‍സിപ്പല്‍  അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ.സി. ബിനയ് ബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.