ഗുരുവായൂര്‍ നഗരസഭയില്‍ ഒരു കൗണ്‍സിലര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട നഗരസഭ ചെയര്‍പേഴ്സനടക്കം മൂന്ന് കൗണ്‍സിലര്‍മാര്‍ നിരീക്ഷണത്തില്‍.കഴിഞ്ഞ ദിവസം റോഡ് ഉദ്ഘാടന ചടങ്ങിലാണ് നഗരസഭ ചെയര്പേഴ്സന് എം.രതി, വൈസ്ചെയര്‍മാന്‍ അഭിലാഷ് വി ചന്ദ്രന്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.എസ്. ഷെനില്‍ എന്നിവര്‍ രോഗം സ്ഥിരീകരിച്ച കൗണ്‍സിലറുമായി വേദി പങ്കിട്ടത്. ഇതേ തുടര്‍ന്നാണ് ഇവര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. നേരത്തെ നഗരസഭയില്‍ ഒരു കൗണ്‍സിലറും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുമടക്കം 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇവരെല്ലാം രോഗമുക്തി നേടുകയും ചെയ്തു. നഗരസഭ പരിധിയിലുള്ളവര്‍ക്കായി ഇന്ന് നടത്തിയ പരിശോധനയില്‍ 13 പേരുടെ ഫലം പോസറ്റീവായി. ടൗണ്‍ഹാളില്‍ 140 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ആറ് പേരിലും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്.ടി.പി.സി ആര് പരിശോധനയില്‍ ഏഴ് പേരിലുമാണ് രോഗം കണ്ടെത്തിയത്. പൂക്കോടുള്ള ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.