ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയകരം. ഐ.സി.എം.ആറും ഭാരത് ബയോടെകും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിന്റെ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണമാണ് വിജയകരമായതെന്ന് ഗവേഷകര്‍ അറിയിച്ചു. രാജ്യത്തെ 12 സ്ഥാപനങ്ങളിലായാണ് നിലവില്‍ കോവാക്‌സിന്റെ പരീക്ഷണം നടത്തുന്നത്. ആദ്യഘട്ടത്തില്‍ 20 കുരങ്ങന്‍മാരിലായിരുന്നു പരീക്ഷണം. ഇവയെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് വാക്‌സിന്‍ നല്‍കുകയായിരുന്നു. ഇതില്‍ രണ്ടാമത്തെ ഡോസ് നല്‍കിയപ്പോള്‍ കോവിഡിനെതിരായ ആന്റിബോഡിയുണ്ടായെന്നാണ് കണ്ടെത്തല്‍. അതേസമയം, യു.കെയില്‍ വാക്‌സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് കഴിഞ്ഞ ദിവസം അജ്ഞാതരോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ഓക്‌സ്ഫഡ്- അസ്ട്രാസെനെക വാക്സിന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിര്‍ത്തിവെച്ചിരുന്നു.