മുണ്ടകന്‍ കൃഷിക്കുള്ള ഞ്ഞാറ്റടിയും ഞാറും വെള്ളത്തില്‍ മുങ്ങിയതോടെ പാടത്തെ ഞാറ്റടി ഉപേക്ഷിച്ചു കര്‍ഷകര്‍ പറമ്പുകളില്‍ വിത്തിടല്‍ ആരംഭിച്ചു. ചിങ്ങ മാസത്തില്‍ ചാറ്റല്‍ മഴ കനത്തതോടെ കുട്ടാടന്‍ പാടശേഖരത്തിലെ നെല്‍കൃഷിക്കുള്ള ഞാറ്റടിയും ഞാറും വെള്ളത്തില്‍ മുങ്ങി. ഇതോടെ പാടത്തെ ഞാറ്റടി ഉപേക്ഷിച്ച് പറമ്പിലാണ് കര്‍ഷകര്‍ ഞാറിടുന്നത്. ചെറായിപാടം, ഈച്ചിപാടം, ഭട്ടതിരിപാടം, പാടശേഖരങ്ങളിലായി 300 ഏക്കറോളം പാടത്താണ് മുണ്ടകന്‍ കൃഷിക്കായി കര്‍ഷകര്‍ തയ്യാറെടുക്കുന്നത്. ചിലയിടത്ത് കര്‍ഷകര്‍ പാടശേഖരങ്ങളില്‍ വിത്തിടുകയും ചില ഭാഗങ്ങളില്‍ ഞാറ്റടി തയ്യാറാക്കല്‍ തുടങ്ങുകയും ചെയ്യുന്നതിനിടെയാണ് മഴ കനത്തത്. ഇതോടെ ചെറായിയില്‍ ഏതാനും കര്‍ഷകരുടെ ഞാര്‍ പൂര്‍ണ്ണമായി വെള്ളത്തില്‍ മുങ്ങി. ഞാറ്റടി തയ്യാറാക്കിയവര്‍ക്ക് വിത്ത് വിതയ്ക്കാന്‍ പറ്റാത്ത അവസ്ഥയുമായി. ഇതു മറികടക്കാനാണ് പറമ്പില്‍ ഞാറ്റടി ഒരുക്കി വിത്തിടുന്നത്. ഞാര്‍ പാകമാകുമ്പേഴേക്കും പാടത്തെ വെള്ളം കുറയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.