പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍ പൂര്‍ണ്ണമായി കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപ്പിച്ചതിനെതിരെയാണ് വ്യാപക ആക്ഷേപമുയര്‍ന്നിട്ടുള്ളത്. പഞ്ചായത്തിലെ വാക മേഖലയില്‍ വരുന്ന ആറ്, ഏഴ് വാര്‍ഡുകള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ മേഖല മാത്രം അടച്ചുപൂട്ടിയാല്‍ മതിയെന്ന സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം നിലനില്‍ക്കുമ്പാഴാണ് അതിര്‍ത്തി മുതല്‍ കോക്കൂര്‍ റെയില്‍വേ ലൈന്‍ വരെയുള്ള പ്രദേശം പൂര്‍ണ്ണമായും അടച്ച് പൂട്ടിയിട്ടുള്ളത്. ഇരു വാര്‍ഡുകളിലുമായി ഏഴ് പേരാണ് ഇപ്പോള്‍ രോഗ ബാധിതരായി ചികിത്സയിലുള്ളത്. അഞ്ച് പേര്‍, ഏഴാം വാര്‍ഡിലും, രണ്ട് പേര്‍ ആറാം വാര്‍ഡിലുള്ളവരുമാണ്. ഏഴാം വാര്‍ഡിലെ വാക ബ്രദേഴ്‌സ് റോഡിലും, ആറാം വാര്‍ഡിലെ ഗ്രാമ ലക്ഷ്മി റോഡിലുമുള്ളവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ പുതുക്കിയ നിര്‍ദ്ദേശം അനുസരിച്ച് ഈ രണ്ട് റോഡുകളാണ് അടച്ചിടേണ്ടത്. എന്നാല്‍ വാര്‍ഡ് പൂര്‍ണ്ണമായും അടച്ചതിനെതിരെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം അഞ്ചാം വാര്‍ഡില്‍ 92 വയസ്സുള്ള വയോധികയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വാര്‍ഡ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപ്പിച്ചുവെങ്കിലും, പോസറ്റീവായ രോഗിയുടെ വീട് നില്‍ക്കുന്ന മേഖല മാത്രമാണ് അടച്ച് പൂട്ടിയിട്ടുള്ളത്. സമാനമായ രീതിയില്‍ മാത്രം അടച്ച് പൂട്ടേണ്ട ആറ്, ഏഴ് വാര്‍ഡുകള്‍ പൂര്‍ണ്ണമായും അടച്ച് പൂട്ടിയത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നാണ് നാട്ടുക്കാരുടെ പക്ഷം. രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശുപത്രിയിലേക്കും, പ്രദേശവാസികള്‍ക്ക് ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് പുറത്ത് പോകുന്നതിനോ കഴിയാത്ത സ്ഥിതിയാണുള്ളത്.