കേച്ചേരിയിലെ ഹോം അപ്ലയന്‍സ് സ്ഥാപനത്തിലെ മോഷണശ്രമം;കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ.

Advertisement

Advertisement

കേച്ചേരിയിൽ വ്യാപാര സ്ഥാപനത്തിൽ മോഷണ ശ്രമം നടത്തിയ സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കായങ്കുളം കീരിക്കാട് വേരുവള്ളി മാടവനാട് കീഴക്കേതിൽ വീട്ടിൽ ഷട്ടർ നൗഷാദ് എന്ന നൗഷാദിനെ (47)യാണ് സിറ്റി പോലീസ് കമ്മീഷ്ണർ ആർ.ആദിത്യയുടെ നിർദ്ദേശാനുസരണം കുന്നംകുളം എ.സി.പി.ടി.എസ്. സിനോജ്, തൃശൂർ ക്രൈംബ്രാഞ്ച് എ.സി.പി. ബാബു കെ.തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി റോഡിൽ കേച്ചേരി സഹകരണ ബാങ്കിന് സമീപത്തുള്ള എസ്.ഡി. മൊബൈൽസ് ആൻഡ് ഹോം ഗ്യാലറി എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ഏഴിന് രാത്രിയായിരുന്നു മോഷണശ്രമം നടന്നത്. സ്ഥാപനത്തിന്റെ മുൻ വശത്തുള്ള ഷട്ടർ പൊളിച്ച് അകത്ത് കടക്കാനുള്ള ശ്രമത്തിനിടെ ചില്ലും തകർത്തിരുന്നു. സംഭവ സ്ഥലത്ത് ചില്ല് പൊട്ടിക്കുന്നതിനിടെ മുറിവേറ്റതിന്റെ ഭാഗമായി ദേഹം മുറിഞ്ഞ് സ്ഥാപനത്തിന് മുന്നിൽ മോഷ്ടാവിന്റെ രക്തം ഒഴുകിയ നിലയിലുമായിരുന്നു. വിരലടയാള വിദഗ്ധർ സ്ഥലത്ത് എത്തി ശേഖരിച്ച വിരലടയാളങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതി അവിടെ വെച്ച് പരിചയപ്പെട്ട അലി എന്നയാളുമായി പ്ലാൻ ചെയ്ത് മോഷണത്തിനായി കാറിൽ കേച്ചേരിയിലെത്തുകയായിരുന്നു. മോഷണ ശ്രമത്തിനിടെ ചില്ല് കൊണ്ട് കൈ മുറിഞ്ഞതോടെ ഇരുവരും ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.തുടർന്ന് കുന്നംകുളം സ്വപ്ന ജ്വല്ലറി, കല്ലുംപ്പുറത്തുള്ള മൊബൈൽ ഷോപ്പ്, മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, പാവിട്ടുപ്പുറം എന്നിവടങ്ങളിലെ സ്ഥാപനങ്ങളിലും മോഷണം നടത്തിയിരുന്നു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻമാരായ പി.രാഗേഷ്, ഗ്ലാഡ്സൺ, സുദേവ്, റാഫി, കുന്നംകുളം സബ്ബ് ഇൻസ്പെക്ടർമാരായ ഇ.ബാബു, എം.വി.ജോർജ്ജ്, എ.എസ്.ഐ.മാരായ നന്ദൻ, കെ.എം. വർഗ്ഗീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മഴുവഞ്ചേരി സ്വദേശി ധനേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഒരു വർഷം മുൻപും ഈ സ്ഥാപനത്തിൽ മോഷണ ശ്രമം നടന്നിരുന്നു.