കുന്നംകുളത്തെ ചിരകാല സ്വപ്‌നമായ പുതിയ ബസ്റ്റാന്റ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു.

Advertisement

Advertisement

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെയാണ് ഇ.കെ. നായനാര്‍ ബസ്സ് ടെര്‍മിനല്‍ കം ഷോപ്പിംങ്ങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ നിന്നും ഹെര്‍ബര്‍ട്ട് റോഡിലേക്കിറങ്ങി നഗരസഭ ടൗണ്‍ ഹാളിനോട് ചേര്‍ന്നു കിടക്കുന്ന നാല് ഏക്കര്‍ സ്ഥലത്താണ് 13 കോടിയോളം രൂപ മുടക്കി ഏറ്റവും ആധുനിക രീതിയില്‍ ബസ്റ്റാന്റ് പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്. ബസ് ടെര്‍മിനലിന്റെയും ഷോപ്പിങ് കോംപ്ലക്‌സിന്റേയും നിര്‍മ്മാണ ചുമതല പൂര്‍ണമായും വഹിച്ചത് വടകര ആസ്ഥാനമായിട്ടുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. 16 മാസം കൊണ്ടാണ് സൊസൈറ്റി ഈ പദ്ധതി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചത്. ഗ്ലാസും അലുമിനിയം കംപോസിറ്റ് പാനല്‍ ഉപയോഗിച്ച് ക്ലാഡിംഗ് നടത്തി ബസ്റ്റാന്‍ഡ് കെട്ടിടം ഏറ്റവും ആധുനികരീതിയില്‍ തന്നെ മനോഹരമാക്കി സജ്ജീകരിച്ചിട്ടുണ്ട്.ഒരു വാണിജ്യ കെട്ടിടത്തിന് ആവശ്യമായ ടോയ്ലെറ്റുകള്‍ പാര്‍ക്കിംഗ്, സ്റ്റെയര്‍ കെയ്‌സുകള്‍ അഗ്‌നിശമന സംവിധാനങ്ങള്‍, ലിഫ്റ്റ് എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവശത്തും 14 ബസ്സുകള്‍
വീതംപാര്‍ക്കിംഗ് ചെയ്യാവുന്ന രീതിയില്‍ മൊത്തം 28 ബസ് ബേ ആണ് നിര്‍മ്മിച്ചിട്ടുള്ളത്.സ്ഥലം എം എല്‍ എയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ എ സി മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാസംകാരിരംഗത്തെ പ്രമുഖ സാന്നിധ്യങ്ങളായ വി കെ ശ്രീരാമന്‍, ടി ഡി രാമകൃഷ്ണന്‍, റഫീഖ് അഹമദ്ദ്, ഹരിനാരായണന്‍, കേരളകലാമണ്ഡലം നിര്‍വ്വാഹക സമിതി അംഗം ടി കെ വാസു എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ കളക്ടര്‍ എസ് ഷാനാവാസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ കെ ആനന്ദന്‍, കെ കെ മുരളി, ഗീതാ ശശി, സുമ ഗംഗാധരന്‍, മിഷ സെബാസ്റ്റ്യന്‍ ,നഗരസഭ സെക്രട്ടറി അനില്‍കുമാര്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ ബിനയ് ബോസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ജിജോ ടി.ജെ എന്നിവരുടെ നേതൃത്വത്തിലും മേല്‍നോട്ടത്തിലുമാണ് പദ്ധതി പ്രവര്‍ത്തനം മുന്നോട്ട് പോയത്.