സെപ്തംബര്‍ 16 ന് ലോക ഓസോണ്‍ ദിനം. സൂര്യനില്‍നിന്ന് വരുന്ന അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിര്‍ത്തി മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കുന്നത് അന്തരീക്ഷത്തിലെ ഓസോണ്‍പാളിയാണ്. 1988-ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യോഗത്തിലാണ് ഓസോണ്‍ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബര്‍ 16-ന് മോണ്‍ട്രിയോളില്‍ ഉടമ്പടി ഒപ്പുവച്ചു. ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിര്‍മ്മാണവും ഉപയോഗവും കുറയ്ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഈ ഉടമ്പടിയെ മോണ്‍ട്രിയോള്‍ പ്രോട്ടോകോള്‍ എന്ന് വിളിക്കുന്നു. 1994 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഓസോണ്‍ ദിനം ആചരിച്ചു തുടങ്ങിയത്. മനുഷ്യ നിര്‍മ്മിതമായ രാസവസ്തുക്കളും മറ്റ് പ്രകൃതിക്ക് ദോഷകരമായ അവസ്ഥകളുമെല്ലാം ഓസോണ്‍പാളിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം രാസവസ്തുക്കളുടെ ഉത്പാദനവും ഉപയോഗവും നിയന്ത്രിച്ച് ഭൂമിയേയും ജീവജാലങ്ങളേയും സംരക്ഷിക്കേണ്ടതിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഓസോണ്‍ദിനം ആചരിക്കുന്നത്.