സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ് ബാങ്കിന് കീഴില്‍; ബില്‍ ലോക്‌സഭ പാസാക്കി

Advertisement

Advertisement

സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന് കീഴീല്‍ കൊണ്ടുവരുന്നതിന് 1949ലെ ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് ലോക്‌സഭ ബില്‍ പാസാക്കി. ഇതോടെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്ക് പരിധിയില്‍ വരും. രാജ്യത്തെ 1,482 അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ 1540 സഹകരണ സ്ഥാപനങ്ങളാണ് റിസര്‍വ് ബാങ്കിന് കീഴില്‍ വരിക. 8.6 കോടിയുടെ നിക്ഷേപമാണ് സഹകരണ ബാങ്കുകള്‍ക്കുള്ളത്. രാജ്യത്തെ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന് കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. നേരത്തേ ഷെഡ്യൂള്‍ഡ് ബാങ്കുകളെയാണ് റിസര്‍വ് ബാങ്ക് നിയന്ത്രിച്ചുകൊണ്ടിരുന്നത്. നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്നതിനാണ് സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന് കീഴില്‍ കൊണ്ടുവരുന്നതെന്നും സഹകരണ രജിസ്ട്രാറുടെ അധികാരം കുറക്കുന്നതിനല്ലെന്നും ലോക്‌സഭയില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. സഹകരണ ബാങ്കുകളിലെ രജിസ്ട്രാറുടെ അധികാര പരിധിയില്‍ ഇടപ്പെടില്ലെന്നും എന്നാല്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങളില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണമുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.