മന്ത്രി കെ.ടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ വി.ടി ബല്‍റാം എം.എല്‍.എയടക്കം ഇരുന്നൂറോളം പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു. പോലീസിനെ മര്‍ദ്ദിച്ചത് ഉള്‍പടെയുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. ഇത് ജാമ്യമില്ല വകുപ്പാണ്. മന്ത്രി കെ.ടി ജലീല്‍ എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പാലക്കാട് കലക്ട്രേറ്റിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത എം.എല്‍.എക്ക് പരിക്കേറ്റിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ പോലീസിനെ മര്‍ദ്ദിച്ചു, കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. 12 പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഒരു പോലീസുകാരന്റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്. പോലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.