സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് അതിശക്തമായ മഴയുണ്ടാകുക എന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകും. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. താഴ്ന്നപ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം ഒഴിവാക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കേരള, കര്‍ണാടക തീരം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളതീരത്തുനിന്ന് മീന്‍പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.