അന്നംകുളങ്ങര പൂരത്തിന്റെ പുലര്‍ച്ചെയുള്ള കൂട്ടിഎഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു.

കാണിപ്പയ്യൂര്‍ അന്നംകുളങ്ങര പൂരത്തിന്റെ പുലര്‍ച്ചെയുള്ള കൂട്ടിഎഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു. ചിറക്കല്‍ പരമേശ്വരന്‍ എന്ന ആനയാണ് ഇടഞ്ഞത്. അന്നംകുളങ്ങര പൂരാഘോഷകമ്മിറ്റിയിലെ ത്രിവേണി പൂരാഘോഷ കമ്മിറ്റിയുടെ പൂരത്തിന് കൊണ്ടുവന്ന ആനയായിരുന്നു ചിറക്കല്‍ പരമേശ്വരന്‍. ഇവരുടെ പൂരം ക്ഷേത്ര നടയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആനയുടെ പാപ്പാനും നാട്ടുകാരില്‍ ചിലരുമായി തര്‍ക്കമുണ്ടായിരുന്നു. ക്ഷേത്രനടയിലെ മുന്നില്‍വച്ച് ചിലര്‍ പാപ്പാനെ മര്‍ദ്ദിക്കുന്നത് കണ്ടപ്പോള്‍ പ്രകോപിതനായ ആന മുന്നോട്ട് ഓടുകയായിരുന്നു. ഇതുകണ്ട് വാദ്യക്കാര്‍ ഉള്‍പ്പെടെ ആളുകള്‍ ചിതറിയോടി. ആനപ്പുറത്തിരുന്നവര്‍ നിലത്തു വീഴുകയും ചെയ്തു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എലിഫന്റ് സ്‌ക്വാഡും മറ്റു പാപ്പാന്മാരും ചേര്‍ന്ന് ആനയെ പെട്ടെന്നുതന്നെ തളച്ചു. ആന ഇടഞ്ഞ സംഭവം സംബന്ധിച്ച് കുന്നംകുളം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.