പ്രളയബാധിതര്‍ക്കായി അന്‍സാര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്

പ്രളയബാധിതര്‍ക്കായി അന്‍സാര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്. ചെങ്ങന്നൂരിലെ പ്രളയബാധിതര്‍ക്കായി പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ 2005 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരു ലോറി നിറയെ ഭക്ഷണ കിറ്റും, കുടിവെള്ളവും ഗ്യാസ് അടുപ്പ്, പാത്രങ്ങള്‍ തുടങ്ങിയ വീട്ടുപകരണങ്ങളും, പുതുവസ്ത്രങ്ങളുമടങ്ങിയ കിറ്റുകള്‍ നല്‍കി. പത്തു ലക്ഷത്തോളം വില മതിപ്പുള്ള മൂന്നൂറോളം കുടുംബങ്ങള്‍ക്കുള്ള കിറ്റുകളാണ് നല്‍കിയത്. തിങ്കളാഴ്ച രാവിലെ 9 ന് അന്‍സാര്‍ കാമ്പസില്‍ നിന്നും പുറപ്പെട്ട സേവന സംഘത്തിന്റെ വാഹനം പ്രിന്‍സിപ്പല്‍ സലീല്‍ ഹസന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. അന്‍സാര്‍ നട്ടുവളര്‍ത്തിയ മൂല്യങ്ങളുടെ വിത്തുകള്‍ വളര്‍ന്നുപന്തലിച്ച് രാജ്യത്തിന്റെ വിവിധ കോണുകളില്‍ പരാഗണം തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് സേവന രംഗത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഈ വേറിട്ട മാതൃകയെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍ സാഹിറ അഹമ്മദ് അധ്യക്ഷത വഹിച്ചു. കോഡിനേറ്റര്‍ സുഹൈര്‍ ഇസ്മയില്‍, ട്രഷറര്‍ ഫസല്‍ ഉസ്മാന്‍, ഖത്തര്‍, യു എ ഇ അലുംനി പ്രസിഡന്റുമാരായ സഹല്‍, നഹാസ്, മിന്‍ഹാസ് അബുട്ടി, ഡോ. നജ്മുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.