ബാന്റ് വാദ്യസംഘം സഞ്ചരിച്ചിരുന്ന മിനി ബസ്സ് കത്തി നശിച്ചു.

ബാന്റ് വാദ്യസംഘം സഞ്ചരിച്ചിരുന്ന മിനി ബസ്സ് ചാലിശ്ശേരി മുലയംപറമ്പ് ക്ഷേത്രത്തിനു സമീപം ഹൈവെയില്‍ കത്തി നശിച്ചു. ശനിയാഴ്ച രാത്രി 2 മണിയോടെയാണ് സംഭവം. കൊപ്പത്ത് നേര്‍ച്ചയില്‍ പരിപാടി അവതരിപ്പിച്ചു മടങ്ങുകയായിരുന്ന വരന്തരപ്പിള്ളി ചെറുപുഷ്പം ബാന്റ് സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് കത്തിനശിച്ചത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീകത്താനുള്ള കാരണമെന്ന് പറയുന്നു. വാഹനത്തില്‍നിന്ന് പുക ഉയരുന്നതു കണ്ടപ്പോള്‍ വഴിയോരത്തു നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. വാദ്യോപകരണങ്ങളെല്ലാം അഗ്‌നിക്കിരയായി.കുന്നംകുളം ഫയര്‍‌സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫിസര്‍ വൈശാഖ്, ഫയര്‍മാന്‍മാരായ രതീഷ്, സുരേഷ്, പവിത്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയെത്തി തീ കെടുത്തി.