ചാവക്കാട് കടലില്‍ രണ്ടു ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു.

മത്സ്യ ബന്ധനം നടത്തുകായായിരുന്ന രണ്ടു ബോട്ടുകള്‍ ചാവക്കാട് കടലില്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട ഒരു ബോട്ട് കരിങ്കല്‍ ഭിത്തിക്കടുത്തെ മണല്‍തിട്ടയില്‍ ഇടിച്ചു കയറി. 12 തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കന്യാകുമാരി സ്വദേശികളായ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള റസ്മ്യ, റീഗന്റെ ഉടമസ്ഥതയിലുള്ള ആനന്ത് എന്നീ ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. മല്‍സ്യബന്ധനം നടത്തവെ റസ്മ്യ ബോട്ടിന്റെ എഞ്ചിനില്‍ കയര്‍ കുടുങ്ങുകയും നിയന്ത്രണം നഷ്ടമായ ബോട്ട് ആനന്തവാടി കടല്‍തീരത്തേക്ക് അടുക്കുകയുമായിരുന്നു. തിരമാലയില്‍ ആടിയുലഞ്ഞ ബോട്ടില്‍ ആറു തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ബോട്ടിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ വിവരം ആനന്ത് ബോട്ടുകാരെ അറിയിച്ചു. അപകട സ്ഥലത്തേക്ക് അതിവേഗത്തില്‍ വന്നു കൊണ്ടിരിക്കെ ഈ ബോട്ടിന്റെ എഞ്ചിനും തകരാറിലായി. വിവരമറിഞ്ഞ് കുളച്ചല്‍ സ്വദേശി സ്രാഫിന്റെ ഉടമസ്ഥതയിലുള്ള ബോട്ടെത്തി അപകടത്തില്‍പ്പെട്ട രണ്ടു ബോട്ടുകളും കെട്ടി വലിച്ച് മുനക്കകടവ് ഫിഷ് ലാന്റിങ് സെന്ററിലെത്തിച്ചു.