പ്രളയദുരിതാശ്വാസം; അപേക്ഷ ഡിസംബര്‍ 20 വരെ സ്വീകരിക്കുമെന്ന് കളക്ടര്‍

തൃശൂര്‍ ജില്ലയില്‍ പ്രളയത്തില്‍ വീട് തകര്‍ന്നിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരുടെയും ശതമാനത്തില്‍ അപാകതയുളളവരുടെയും അപ്പീല്‍ അപേക്ഷ ഡിസംബര്‍ 20 വരെ കളക്ടറേറ്റില്‍ സ്വീകരിക്കുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു.അപ്പീല്‍ അപേക്ഷ വീട്ടുടമസ്ഥനോ കുടുംബാംഗമോ സമര്‍പ്പിക്കണം. മറ്റ് ഓഫീസുകളിലൊന്നും അപേക്ഷ സ്വീകരിക്കില്ല. മേല്‍വിലാസം തെളിയിക്കുന്ന രേഖ, റേഷന്‍ കാര്‍ഡിന്റെ കോപ്പി എന്നിവയും ഉള്‍പ്പെടുത്തണം. ഒരിക്കല്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും സമര്‍പ്പിക്കേണ്ടതില്ല. .
അതോടൊപ്പം പ്രളയത്തില്‍ പാര്‍പ്പിടം നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായത്താല്‍ ഭവനം പുനര്‍നിര്‍മ്മിക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഫീല്‍ഡ് തല സഹായങ്ങളും ലഭ്യമാക്കുന്നതിന് ‘സുരക്ഷിത കൂടൊരുക്കും കേരളം’ എന്ന പേരില്‍ ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതല്‍ 1 മണി വരെ സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍, കെ.എസ്.ഇ.ബി ഓവര്‍സീയര്‍, അതതു പ്രദേശങ്ങളിലെ എഞ്ചിനീയറിങ് കോളേജുകളിലെ സിവില്‍, ആര്‍ക്കിടെക്ചര്‍, ഇലക്ട്രിക്കല്‍ എന്നീ ബ്രാഞ്ചുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ എന്നിവരുടെ സേവനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2365719, 2365720.