കടങ്ങോട് മേഖലയില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷം; സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

 

കടങ്ങോട് മേഖലയില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇരുവിഭാഗവും നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്. വാളും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ സി.പി.എം പ്രവര്‍ത്തകരായ കടങ്ങോട് സ്വാമിപ്പടി മുള്ളത്ത് പറമ്പില്‍ സത്യന്‍, രാധസദനത്തില്‍ പ്രജോദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സത്യന്റെ കാലിന്റെ എല്ല് രണ്ട് സ്ഥലത്ത് ഒടിയുകയും മുട്ടിന് മുകളില്‍ വെട്ട് കൊണ്ട് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രജോദിന്റെ തലയിലാണ് വെട്ട് കൊണ്ട് മുറിവ് പറ്റിയിട്ടുള്ളത്.ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനായ കടങ്ങോട് തെക്ക്മുറി മുല്ലപ്പിള്ളിയില്‍ തലപ്പിള്ളി വീട്ടില്‍ അബിനാഷിനാണ് പരുക്കേറ്റത്. മര്‍ദ്ധനമേറ്റ അബിനാഷിനെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രിയിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്.തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി റോഡില്‍ എഴുതുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. ഇന്ന് രാവിലെയും ഇരു വിഭാഗങ്ങളും തമ്മില്‍ സംഘട്ടനമുണ്ടായി.ഇതിനിടയില്‍ സംഘം ചേര്‍ന്നെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വാമിപ്പടി സെന്ററിലുള്ള സി.പി.എം ബസ് കാത്തിരിപ്പ് കേന്ദ്രവും ,ഫ്‌ലക്‌സും തല്ലി തകര്‍ത്തു.സി.പി.എം പ്രവര്‍ത്തകന്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ ചില്ലും ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തതായി പരാതിയുണ്ട്. എരുമപ്പെട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥ്, സബ് ഇന്‍സ്‌പെക്ടര്‍ റിന്‍സന്‍ തോമാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘര്‍ഷ മേഖലയില്‍ പെട്രോളിംഗ് നടത്തുന്നുണ്ട്. കുന്നംകുളം അസിസ്റ്റന്റ് കമ്മീഷ്ണര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.