ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തെ മൃദു ഹിന്ദുത്വ നിലപാടു കൊണ്ട് തടയാനുള്ള കോണ്‍ഗ്രസ് ശ്രമം വിഫലം; കോടിയേരി ബാലകൃഷ്ണന്‍.

ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തെ, മൃദു ഹിന്ദുത്വ നിലപാടു കൊണ്ട് തടയാനുള്ള കോണ്‍ഗ്രസ് ശ്രമം വിഫലമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുന്നംകുളത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി കെ ബിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക് അധികാരത്തിലേക്കുള്ള വഴി തുറക്കാനുള്ള ചവിട്ടുപടിയാണ് കോണ്‍ഗ്രസ്. ഗോവയിലും മണിപ്പൂരിലും നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബി.ജെ.പി അധികാരം പിടിക്കാനള്ള സാഹചര്യമൊരുക്കിയത് കോണ്‍ഗ്രസ് നിലപാടാണ്. ബി.ജെ.പിയുടെ വര്‍ഗ്ഗീയതക്കെതിരെ പോരാടാന്‍ ഇടതു പക്ഷത്തിന് മാത്രമെ കഴിയൂ. ഇടതുപക്ഷം ശക്തിപ്പെടുന്നതിന് തുരങ്കം വെയ്ക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡണ്ട് കെ ടി ഷാജന്‍ അധ്യക്ഷനായി. മന്ത്രി എ സി മൊയ്തീന്‍, എന്‍ സി പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ രാജന്‍, ആര്‍ സി പി ജില്ലാ സെക്രട്ടറി ദിപിന്‍ തെക്കേപുറം, മുഹമ്മദ് (ഐ എന്‍ എല്‍ ) കെ വി മാത്യു, സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ബാബു എം പാലിശേരി, ടി.കെ വാസു, ഏരിയാ സെക്രട്ടറി എം എന്‍ സത്യന്‍, സീത രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വാദ്യഘോഷങ്ങളും, പൊയ്ക്കുതിരകളും, മുത്തുകുടകളും കാവടിയും, ബിജുവിന്റെ ചിത്രം അലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പെരുമ്പിലാവ് ഫ്രീഡം തീയ്യറ്റേഴ്‌സ് അവതരിപ്പിച്ച നാടന്‍ പാട്ടും, കലാസംഘം അവതരിപ്പിച്ച ന്യത്തശില്പവും, രംഗാവിഷ്‌കാരവും ഉണ്ടായിരുന്നു.