രാഹുല്‍ ഗാന്ധിയ്ക്ക് കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന മണ്ഡലത്തിന് ഒരു പവന്‍ സ്വര്‍ണം; ചെന്നിത്തല.

തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിന് ഒരു പവന്‍ സ്വര്‍ണം സമ്മാനമായി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏറനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലായിരുന്നു ചെന്നിത്തല വാഗ്ദാനം നല്‍കിയത്. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടുന്ന കമ്മിറ്റിയ്ക്കായിരിക്കും സമ്മാനം നല്‍കുകയെന്ന് പി.കെ ബഷീര്‍ എം.എല്‍.എയും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും പറഞ്ഞിരുന്നു. ഇത് കൂടാതെയാണ് ചെന്നിത്തല വാഗ്ദാനം നല്‍കിയിരിക്കുന്നത്. രാഹുലിന് വയനാട്ടില്‍ മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതില്‍ വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി തുടങ്ങിയ നിയോജകമണ്ഡലങ്ങളില്‍ നിന്ന് രാഹുലിന് ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.