ഹര്‍ത്താല്‍ ബഹിഷ്കരിക്കുമെന്ന് തീയേറ്റര്‍ ഉടമകള്‍

അടുത്ത രണ്ടുദിവസങ്ങളില്‍ രാജ്യവ്യാപകമായി ഹര്‍ത്താല്‍ നടത്താനിരിക്കെ ബഹിഷ്കരണവുമായി തീയേറ്റര്‍ ഉടമകള്‍. പുതുവര്‍ഷത്തിലെ ആദ്യ ഹര്‍ത്താല്‍ ദിനത്തില്‍ തിയേറ്ററുകള്‍ അടഞ്ഞുകിടന്നു. ഇന്നും നാളെയും നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ തിയേറ്റര്‍ ഉടമകള്‍ പങ്കെടുക്കില്ലെന്നാണ് തീരുമാനമെങ്കിലും എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് ഉറപ്പില്ല.ട്രേഡ് യൂണിയന്‍ സംഘടനകളുമായി സഹകരിക്കുന്ന ഉടമകള്‍ തിയേറ്റര്‍ അടച്ചിടാനാണ് സാദ്ധ്യത. തൊഴിലാളികള്‍ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചാലും ഷോ നടക്കില്ല. സിനിമാ വ്യവസായത്തെ തകര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താലുകളോട് സഹകരിക്കേണ്ടതില്ലെന്ന് കേരള ഫിലിം ചേംബര്‍ ഒഫ് കൊമേഴ്സ് തീരുമാനിച്ചത്.നിര്‍മാതാക്കളുടെയും തിയേറ്രര്‍ ഉടമകളുടെയും സംഘടനകള്‍ ഇതിന് പിന്തുണ നല്‍കിയിരുന്നു. ഷൂട്ടിംഗുകള്‍ മുടക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു.എന്നാല്‍ കഴിഞ്ഞ ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമം നടന്നതിനാല്‍ ഭൂരിഭാഗം തിയേറ്ററുകളും തുറന്നില്ല. ചുരുക്കം ചില തിയേറ്ററുകള്‍ വൈകിട്ട് 6ന് ശേഷം തുറന്നെങ്കിലും തിരക്കില്ലായിരുന്നു. ഷൂട്ടിംഗുകളും മുടങ്ങി. ഹര്‍ത്താലിനെതിരെയെന്ന നിലപാട് തന്നെയാണ് വരാനിരിക്കുന്ന പണിമുടക്കിനോടുമെന്ന് തിയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.സി. ബോബി വ്യക്തമാക്കി.