കുന്നംകുളത്ത് വാഹന പരിശോധനക്കിടെ രണ്ടുകിലോ കഞ്ചാവുമായി 2 യുവാക്കള്‍ പോലീസ് പിടിയില്‍.

Advertisement

Advertisement

കുന്നംകുളത്ത് വാഹന പരിശോധനക്കിടെ രണ്ടുകിലോ കഞ്ചാവുമായി 2 യുവാക്കള്‍ പോലീസ് പിടിയിലായി. വടക്കേക്കാട് എടക്കര മുണ്ടോട്ടില്‍ അനസ്(18), എടക്കര മഠത്തിലാറയില്‍ സെനഗല്‍ ( 19) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേഷനു സമീപത്ത് പോലീസിന്റെ വാഹന പരിശോധനക്കിടയില്‍ ബൈക്കിലെത്തിയ ഇവരെ പോലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. പോലീസ് ഇവരെ പിന്തുടര്‍ന്ന് തൃശ്ശൂര്‍ റോഡില്‍ ആശുപത്രി പരിസരത്ത് നിന്ന് പിടികൂടുകയായിരുന്നു. വാഹനം പരിശോധിച്ചപ്പോഴാണ് രണ്ട് കിലോയോളം വരുന്ന കഞ്ചാവിന്റെ പാക്കറ്റുകള്‍ കണ്ടെത്തിയത്. 500 രൂപയ്ക്ക് വില്‍ക്കുന്നതിനായി ചെറിയ പാക്കറ്റുകളുടെ രൂപത്തിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കുന്നംകുളം വടക്കേക്കാട് മേഖലകളില്‍ ചില്ലറ വില്‍പനയ്ക്കായി കൊണ്ടുപോവുകയായിരുന്നു. കുറെ നാളുകളായി ഇവര്‍ കഞ്ചാവ് വിതരണ രംഗത്ത് സജീവമായിരുന്നതായും പറയുന്നു. കുന്നംകുളം സിഐ കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായും സിഐ അറിയിച്ചു.