പ്രതിഷേധങ്ങള്‍ക്കും, വിവാദങ്ങള്‍ക്കുമിടെ കുന്നംകുളത്ത് ഗതാഗത പരിഷ്‌ക്കാരം ഞായറാഴ്ച മുതല്‍

പ്രതിഷേധങ്ങള്‍ക്കും, വിവാദങ്ങള്‍ക്കുമിടെ കുന്നംകുളത്ത് ഗതാഗത പരിഷ്‌ക്കാരം ഞായറാഴ്ച മുതല്‍. ഇതിന്റെ ഭാഗമായി നഗരസഭ വണ്‍വേ റോഡ് അടച്ചു. തൃശ്ശൂര്‍ റോഡ് വണ്‍വേയാക്കും.പലവട്ടം മാറ്റിവെച്ച കുന്നംകുളത്തെ ഗതാഗത പരിഷ്‌കാരമാണ് ഞായറാഴ്ച മുതല്‍ നടപ്പിലാക്കുന്നത്. ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി ടൗണ്‍ ജങ്ഷന്‍ വരെയുള്ള ഗവണ്‍മെന്റ് ആശുപത്രി പോലീസ് സ്റ്റേഷനു മുന്‍വശത്തുള്ള തൃശ്ശൂര്‍ റോഡ് പൂര്‍ണമായും വണ്‍വേയാക്കും.ഗുരുവായൂര്‍ റോഡ് ഭാഗീഗമായും വണ്‍വേയായായിരിക്കും. ഇതിന്റെ ഭാഗമായി റോഡ് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് അടച്ചു. കാര്‍ ഉള്‍പ്പടെയുള്ള ചെറിയ വാഹനങ്ങള്‍ക്ക് ഇതുവഴി ഇരുവശങ്ങളിലെക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. തൃശൂര്‍ ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും മുന്‍സിപ്പല്‍ ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നഗരസഭാ ഓഫീസ് മുന്‍വശം വഴി ഗുരുരുവായൂര്‍ റോഡിലെത്തി പോകണം. ത്യശൂര്‍ ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദീര്‍ഘദൂര ബസ്സുകള്‍ എം.ജി.ഷോപ്പിംഗ് കോംപ്ലക്‌സിനു മുന്‍വശം യാത്രക്കാരെ കയറ്റിയിറക്കി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ ടൗണ്‍ ജങ്ഷനില്‍ നിന്ന് നേരിട്ട് തൃശൂര്‍ വണ്‍വേ റോഡിലേക്ക് തിരിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കണം.ഗുരുവായൂരില്‍ നിന്ന് പാലക്കാട് പട്ടാമ്പി ഭാഗത്തേക്കുള്ള ദീര്‍ഘദൂര ബസുകളും സ്റ്റാന്‍ഡില്‍ കയറ്റാതെ എം.ജി.ഷോപ്പിംഗ് കോംപ്ലക്‌സിനു മുന്‍വശം യാത്രക്കാരെ കയറ്റിയിറക്കി സര്‍വ്വീസ് നടത്തണം. പോര്‍ക്കുളം – കാട്ടകാമ്പാല്‍ ബസുകള്‍ ബൈജു റോഡുവഴിയും വടക്കാഞ്ചേരി ബസുകളും ടൗണ്‍ ജങ്ഷനിലെത്തി തൃശൂര്‍ വണ്‍വേ റോഡുവഴി സ്റ്റാന്‍ഡില്‍ എത്തണം. തിരിച്ച് പോര്‍ക്കുളം കാട്ടകാമ്പാല്‍ ബസുകള്‍ പുറത്തേക്കുള്ള മാറ്റിയ വഴിയില്‍ വടക്കാഞ്ചേരി റോഡില്‍ പ്രവേശിച്ച് യേശുദാസ് റോഡുവഴി മിനി സിവില്‍ സ്റ്റേഷന്‍ മുന്‍വശം പട്ടാമ്പി റോഡില്‍ പ്രവേശിച്ച് സര്‍വ്വീസ് നടത്തണം. വടക്കാഞ്ചേരി ബസുകള്‍ പുതിയ ട്രാക്കില്‍ കയറി ത്യശൂര്‍ റോഡ് – സീനിയര്‍ ഗ്രൗണ്ട് വഴി പഴയതുപോലെ സര്‍വ്വീസ് നടത്തണം. പട്ടാമ്പി റോഡില്‍ നിന്ന് വാഹനങ്ങള്‍ ഗുരുവായൂര്‍ റോഡിലേക്ക് പ്രവേശം ഉണ്ടായിരിക്കുന്നതല്ല പരിഷ്‌കാരത്തിന്റെ ഭാഗമായി പുതിയതായി പാര്‍ക്കിംങ്ങ് ഏരിയാ ബോര്‍ഡുകളും നോപാര്‍ക്കിംഗ് ഏരിയ ബോര്‍ഡുകളും സ്ഥാപിച്ചു. കോഴിക്കോട് നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ ത്യശൂര്‍ റോഡില്‍ കയറ്റി നിര്‍ത്തണം. ഞായറാഴ്ച മുതല്‍ കൂടുതല്‍ പോലീസുകാരെ ഡ്യൂട്ടിക്ക് നിയമിക്കും. നഗര ഗതാഗതം സുഗമമാക്കാന്‍ ഏവരുടെയും സഹകരണം അനിവാര്യമാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, കുന്നംകുളം സി.ഐ.സുരേഷ് എന്നിവര്‍ അറിയിച്ചു.