പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ വന്‍തിരക്ക്.

എരുമപ്പെട്ടി പഞ്ചായത്ത് കൃഷി ഭവനില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ വന്‍തിരക്ക്. ചെറുകിട കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷത്തില്‍ 6000 രൂപ നേരിട്ട് നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനാണ് നൂറുകണക്കിന് കര്‍ഷകര്‍ എത്തിയത്.ആദ്യ ഗഡുവായി 2000 രൂപയാണ് ലഭ്യമാവുക. ഇന്നലെയും ഇന്നുമായി രണ്ട് ദിവസങ്ങളാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്. മാസങ്ങള്‍ക്ക് മുന്‍പ് നടപ്പിലാക്കിയ പദ്ധതി കര്‍ഷകരിലേക്കെത്താന്‍ കാലതാമസം നേരിട്ടത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. യഥാസമയം ശരിയായ വിവരങ്ങള്‍ ലഭിക്കാതിരുന്നതും അപേക്ഷ സമര്‍പ്പിക്കാന്‍ സമയം ലഭിക്കാത്തതുമാണ് കൃഷിഭവനില്‍ വലിയ തിരക്ക് സൃഷ്ടിക്കാനിടയാക്കിയതെന്നും ആരോപണമുണ്ട്.