Advertisement

കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്‌കരണം സംബന്ധിച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരു വിഭാഗം ജീവനക്കാര്‍ സൂചനാ സമരത്തില്‍. സിഎംഡി ബിജു പ്രഭാകറും ജീവനക്കാരുടെ അംഗീകൃത യൂണിയനുകളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.ഇതോടെ ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി 12മണിക്ക് സമരം തുടങ്ങിയതിനാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പലതും വൈകിട്ടോടെ മുടങ്ങി. സമാധാനപരമായാണ് സമരമെന്നും ബസുകള്‍ തടയില്ലെന്നും യൂണിയനുകള്‍ അറിയിച്ചു.ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും (ടിഡിഎഫ്) ബിഎംഎസ് നേതൃത്വം നല്‍കുന്ന കേരള ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സിഐടിയു സമരത്തില്‍ പങ്കെടുക്കുന്നില്ല.