കുന്നംകുളത്ത് വന്‍ മദ്യ വേട്ട; 57 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടു പേര്‍ പിടിയില്‍.

കുന്നംകുളത്ത് 57 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടു പേര്‍ പിടിയില്‍. കൊരട്ടിക്കര തേരില്‍ സുമേഷ് (41) നാഗലശ്ശേരി കോതച്ചിറ കലപാലത്തിങ്കല്‍ ഷിനോദ് (32) എന്നിവരാണ് പിടിയിലായത്. ഡ്രൈ ഡേയായ ഏപ്രില്‍ ഒന്നിന് പെരുമ്പിലാവിലെ ബാറിന്റെ പരിസരത്തെ ഒഴിഞ്ഞ പറമ്പില്‍ നിറുത്തിയിട്ട കാറില്‍ വില്‍പ്പനക്കായി എത്തിച്ച മദ്യവുമായാണ് ഇരുവരും പിടിയിലായത്. ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വ്യാപകമായി അനധികൃത മദ്യവില്പന നടക്കുന്നുണ്ടെന്ന് തൃശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി ജി.എച്ച് യതീഷ് ചന്ദ്ര ഐ.പി.എസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.മുരളീധരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് 57 ലീറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തത്. ഡ്രൈ ഡേ ദിവസത്തില്‍ രാത്രിയിലാണ് പരിശോധന നടത്തിയത്. കുന്നംകുളം എസ്.എച്ച്.ഒ. കെ.വിജയകുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ യു.കെ. ഷാജഹാന്‍, എ.എസ്.ഐമാരായ ഗോപിനാഥന്‍, രാഗേഷ്, സീനിയര്‍ സി.പി.ഒ മാരായ വര്‍ഗ്ഗീസ്, സുദേവ്, സിപിഒ മാരായ സന്ദീപ്, സുമേഷ്, ഷിബിന്‍, മെല്‍വിന്‍, വൈശാഖ് എന്നിവരുള്‍പ്പെട്ട സ്‌ക്വാഡാണ് പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.