ക്രൈസ്തവര്‍ ഇന്ന് ഓശാനാ പെരുന്നാള്‍ ആഘോഷിക്കും.

ക്രൈസ്തവര്‍ ഇന്ന് ഓശാനാ പെരുന്നാള്‍ ആഘോഷിക്കും. പള്ളികളില്‍ കുര്‍ബാനയോടൊപ്പം പ്രത്യേക പ്രാര്‍ത്ഥനകളും പ്രദക്ഷിണവും നടക്കും. കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആര്‍പ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായാണ് ഓശാന ഞായര്‍ ആഘോഷിക്കുന്നത്. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇന്ന് തുടക്കമാകും. അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ വ്യാഴാഴ്ച പെസഹ ദിനം ആചരിക്കും. പള്ളികളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി വീടുകളില്‍ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. കുരിശു മരണത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന ദുഃഖവെള്ളിയാഴ്ച പീഡാനുഭവ ശുശ്രൂഷകള്‍ നടക്കും. 21ന് ഈസ്റ്റര്‍ ആഘോഷത്തോടെ 50 ദിവസം നീണ്ട നോമ്പാചരണത്തിന് പരിസമാപ്തിയാകും.