സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ ആത്മീയത ആവശ്യം; സി.രാധാകൃഷ്ണന്‍

അറിവ് അര്‍പ്പണത്തിലേക്ക് നയിക്കാനുള്ള കഴിവാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയെന്നതാണ് പൂന്താനം കാവ്യത്തിന്റെ പ്രത്യേകതയെന്ന് നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശ്വരനും ഞാനും ഒന്നാണെന്ന തോന്നലുണ്ടാകുന്ന ഹര്‍ഷമാണ് പൂന്താനക്യതികളുടെ പ്രത്യേകത. സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ ആത്മീയതയും ഈശ്വരഭക്തിയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ.ബി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരി സുമംഗലയ്ക്ക് നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ ജ്ഞാനപ്പാന പുരസ്‌കാരം സമ്മാനിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയ ഡോ.എം.ലീലാവതി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, ശില്പി കാനായി കുഞ്ഞിരാമന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സാംസ്‌കാരിക സമ്മേളനത്തിന് മുന്നോടിയായി നടന്ന കാവ്യപൂജ കവി പ്രൊഫ വി മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പൂന്താനം കൃതികളുടെ സമ്പൂര്‍ണ പാരായണം, ഉപന്യാസം, കാവ്യോച്ചാരണം മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം എന്നിവയും നടന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ എം.വിജയന്‍, കെ.കെ. രാമചന്ദ്രന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, പുരസ്‌കാര സമിതി അംഗം രാധാകൃഷ്ണന്‍ കാക്കശ്ശേരി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി ശിശിര്‍ എന്നിവര്‍ സംസാരിച്ചു.