സിപിഐഎം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസ്സ്; നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് 3 വര്‍ഷം തടവ്.

വടക്കേക്കാട് ഞമനേങ്ങാട് സിപിഐ(എം) പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ച കേസ്സില്‍ ആര്‍ എസ് എസ്സുകാര്‍ക്ക് 3 വര്‍ഷം തടവും, 10,000രൂപ പിഴയും വിധിച്ചു. കേസില്‍ ആര്‍ എസ് എസ്സ് പ്രവര്‍ത്തകരായ വൈലത്തൂര്‍ കളരിക്കല്‍ ഷിബു (32) , വൈലത്തൂര്‍ ചെമ്പില്‍ നിഖില്‍ (25) വൈലത്തൂര്‍ കണ്ടംപുള്ളി മണിക്കുട്ടന്‍ (30) വൈലത്തൂര്‍ അമ്മന്നൂര്‍ സാദിഖ് (30) എന്നവരെയാണ് തൃശ്ശൂര്‍ രണ്ടാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് സി മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്. 2013 ഏപ്രില്‍ 24-ാം തീയ്യതി വൈകീട്ട് 7 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഐഎം പ്രവര്‍ത്തകരായ വൈലത്തൂര്‍ തയ്യില്‍ വിശ്വംഭരന്‍ മകന്‍ ശ്യാമിനെ പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച വൈലത്തൂര്‍ എലാഞ്ചേരി ജയന്‍ മകന്‍ ജിനീഷ്, വൈലത്തൂര്‍ തണ്ടേങ്ങാട്ടില്‍ അപ്പൂക്കുട്ടന്‍ മകന്‍ വേണുഗോപാല്‍ എന്നിവരെ വെട്ടികൊല്ലാന്‍ ശ്രമിച്ച കേസ്സിലാണ് ശിക്ഷ. ഇവരെ വാള്‍, കത്തി,ഇരുമ്പുപൈപ്പ് എന്നീ മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്.