ചൂണ്ടല്‍ പഞ്ചായത്തിലെ പയ്യൂര്‍ സൂര്യ ഗ്രാമത്തില്‍ സൂര്യാഘാത്തെ തുടര്‍ന്ന് പശു ചത്തു.

ചൂണ്ടല്‍ പഞ്ചായത്തിലെ പയ്യൂര്‍ സൂര്യ ഗ്രാമത്തില്‍ സൂര്യാഘാത്തെ തുടര്‍ന്ന് പശു ചത്തു. പയ്യൂര്‍ സൂര്യ ഗ്രാമത്തില്‍ നെടിയേത്ത് ശ്രീനിവാസന്റെ വീട്ടിലെ പശുവാണ് തളര്‍ന്ന് വീണ് ചത്തത്. ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് സംഭവം. സൂര്യഗ്രാമത്തിലെ മേക്കാട്ടുകുളത്തിനോട് ചേര്‍ന്നുള്ള പാടശേഖരത്തില്‍ പശുവിനെ തീറ്റിക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു പശുവിന് സൂര്യാഘാതമേറ്റത്. പശുവിനെ തീറ്റിക്കാനെത്തിയ ശ്രീനിവാസന്‍ ചൂട് കനത്തത്തോടെ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് സമീപത്തെ മരത്തണലിലേക്ക് മാറി നിന്നുവെങ്കിലും പശു വെയിലില്‍ തന്നെ നിന്ന് പുല്ല് തിന്നുന്നത് തുടര്‍ന്നു. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം പശു തളര്‍ന്നു വീഴുകയും തുടര്‍ന്ന് ചാവുകയുമായിരുന്നുവെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ചൂണ്ടല്‍ പഞ്ചായത്ത് വെറ്റിനറി ഡിസ്‌പെന്‍സറിയിലെ വെറ്റിനറി ഡോക്ടര്‍ സ്‌പെന്‍സര്‍ഫ്രാന്‍സിസ് സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. ഈ പരിശോധനയിലാണ് പശുവിന് സൂര്യാഘാതമേറ്റതാണെന്ന് സ്ഥീരികരിച്ചത്. സൂര്യാഘാതമേറ്റ് ചത്ത പശു കറവയുള്ളതായിരുന്നു. പശുക്കളുടെ പാല്‍ വിറ്റാണ് ശ്രീനിവാസന്റെ കുടുംബം ഉപജീവനം നടത്തുന്നത്. ചൂണ്ടല്‍ പഞ്ചായത്ത് ഭരണാധികാരികളും, റവന്യൂ അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.