സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടനുള്ള അവാര്‍ഡ് ജയസൂര്യയും സൗബിന്‍ ഷാഹിറും പങ്കിട്ടു, നിമിഷ സജയന്‍ മികച്ച നടി.

49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് ജയസൂര്യയും സൗബിന്‍ ഷാഹിറും പങ്കിട്ടു. നിമിഷ സജയനാണ് മികച്ച നടി. ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് അവാര്‍ഡ് ലഭിച്ചത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനാണ് സൗബിന്‍ ഷാഹിറിന് അവാര്‍ഡ് ലഭിച്ചത്. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല ഈ രണ്ട് സിനിമകളിലെ പ്രകടനത്തിലൂടെയാണ് നിമിഷ സജയനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച നടന്‍, മികച്ച നടി, മികച്ച സിനിമ എന്നീ പ്രധാന വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് നടന്നത്. വരത്തന്‍, ഞാന്‍ പ്രകാശന്‍,കാര്‍ബണ്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ഫഹദ് ഫാസില്‍, ജോസഫിലെ പ്രകടനത്തിലൂടെ ജോജു ജോര്‍ജ്, ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യ എന്നിവരായിരുന്നു ഫൈനല്‍ റൗണ്ടില്‍. ഒരു ഞായറാഴ്ച എന്ന സിനിമ ഒരുക്കിയ ശ്യാമപ്രസാദ് മികച്ച സംവിധായകനായി.മികച്ച ഗാന രചനയ്ക്കുള്ള അവാര്‍ഡിന് ബി.കെ.ഹരിനാരായണന്‍ അര്‍ഹനായി. തീവണ്ടി, ജോസഫ് എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്കാണ് അംഗീകാരം. സ്വാഭവ നടനായി ജോസഫിലൂടെ ജോജു ജോര്‍ജ്ജും, മികച്ച നവാഗത സംവിധായകനായി സുഡാനി ഫ്രം നൈജീരിയ ഒരുക്കിയ സക്കരിയ മുഹമ്മദും തിരഞ്ഞെടുക്കപ്പട്ടു.സുഡാനി ഫ്രം നൈജീരിയ തന്നെയാണ് കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം.മറ്റ് പുരസ്‌കാരങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്. നൃത്ത സംവിധായകന്‍- പ്രസന്ന സുജിത്ത്, ഡിബ്ബിംഗ് ആര്‍ട്ടിസ്റ്റ് വനിതാവിഭാഗം സ്‌നേഹ (ലില്ലി), ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് പുരുഷ വിഭാഗം – ഷമ്മി തിലകന്‍ , ചിത്രസംയോജകന്‍- അരവിന്ദ് മന്മദന്‍ സിനിമ ഒരു ഞായറാഴ്ച, ഗായിക- ശ്രേയ ഘോഷല്‍ (ആമി), ഗായകന്‍- വിജയ് യേശുദാസ് (ജോസഫ്) എന്നിവരും അവാര്‍ഡിനര്‍ഹരായി. മികച്ച ചലച്ചിത്ര ഗ്രന്ഥം – എന്‍ ജയരാജിന്റെ മലയാള സിനിമ പിന്നിട്ട നാള്‍ വഴികള്‍. മികച്ച കഥാ ചിത്രമായി – ഷെരീഫിന്റെ കാന്തന്‍ ദ ലവര്‍ ഓഫ് കളറും തിരഞ്ഞെടുക്കപ്പെട്ടു.