ടി.എന്‍.ടി കുറികമ്പനി ഇടപാടുകാരില്‍ നിന്ന് വാങ്ങിയ രേഖകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ ടി.എന്‍.ടി കുറികമ്പനി ഇടപാടുകാരില്‍ നിന്ന് വാങ്ങിയ രേഖകള്‍ ഗുരുവായൂരിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിന് മുകളില്‍ ചാക്ക് കെട്ടുകളായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൈരളിജംഗ്ഷനില്‍ സൂര്യമാധവം അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസിന് മുകളിലാണ് ഇവ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചാംനിലയിലെ ടെറസില്‍ ജീവനക്കാര്‍ വൃത്തിയാക്കാനെത്തിയപ്പോഴാണ് രണ്ട് ചാക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. വിവരം അറിയിച്ചതനുസരിച്ച് ടെമ്പിള്‍ സി.ഐ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി. 15 കെട്ടുകളായി ഇടപാടുകാരുടെ മേല്‍വിലാസത്തോട്കൂടിയ 200ഓളം കവറുകളാണ് ഉണ്ടായിരുന്നത്. ചിട്ടിക്ക് വേണ്ടി ഇടപാടുകാര്‍ നല്‍കിയ ചെക്കുകള്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയ രേഖകളായിരുന്നു കവറുകളില്‍. ഇടപാടുകാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം പോലീസ് ഇവ കസ്റ്റഡിയിലെടുത്തു.