എരുമപ്പെട്ടി കുന്നത്തേരി പാടശേഖരത്തില്‍ വൈക്കോല്‍ കയറ്റുകൂലി വര്‍ദ്ധിപ്പിച്ചതായി പരാതി.

എരുമപ്പെട്ടി കുന്നത്തേരി പാടശേഖരത്തില്‍ വൈക്കോല്‍ കയറ്റുകൂലി വര്‍ദ്ധിപ്പിച്ചതായി പരാതി.നൂറു പറയിലധികം വരുന്ന വൈക്കോല്‍ കെട്ടുകളാണ് പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്നത്. എരുമപ്പെട്ടി കുന്നത്തേരി പാടശേഖരത്തിലെ കര്‍ഷകരാണ് വൈക്കോലിന്റെ കയറ്റുകൂലി ഇരട്ടിയിലധികമാക്കിയതിനെ തുടര്‍ന്ന് ദുരിതത്തിലായത്. കഴിഞ്ഞവര്‍ഷംവരെ 8 രൂപയായിരുന്ന കയറ്റുകൂലി ഒരു മുന്നറിയിപ്പുമില്ലാതെയാണ് 16 രൂപയാക്കി ഉയര്‍ത്തിയത്. വായ്പയെടുത്തും പാട്ടത്തിനെടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയത്. ജലക്ഷാമത്തെ തുടര്‍ന്ന് സമീപമുള്ള കിണറുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും പമ്പ്‌സെറ്റ് വെച്ച് ജലസേചനം നടത്തിയതിനാല്‍ സാമ്പത്തികമായി വലിയ നഷ്ടമാണ് ഓരോ കര്‍ഷനും നേരിടേണ്ടി വന്നത്. 250 ഏക്കറോളം വരുന്ന പാടശേഖരത്തിലെ വൈക്കോലാണ് കയറ്റുകൂലി കൂട്ടിയതു മൂലം നശിച്ചുപോകുന്നത്. വൈക്കോല്‍ കയറ്റുന്നതിനും കച്ചവടക്കാരെ സമീപിക്കുന്നതിനും കൃഷിക്കാര്‍ക്ക് നേരിട്ട് അനുമതി നല്‍കണമെന്ന് കുന്നത്തേരി പാടശേഖര സമിതിയിലെ കര്‍ഷകര്‍ ആവശ്യപ്പെട്ടു.