നൂറ്റണ്ടിന്റെ പഴമയുമായി വേലൂര്‍ മണിമലര്‍ക്കാവ് ക്ഷേത്രാങ്കണം ഉത്സവ ലഹരിയില്‍.

 

ഭഗവതി കുതിരകളും പെട്ടിക്കുതിരകളും തിരിക്കുതിരകളുമായി വിവിധ ദേശക്കാര്‍ കുതിരവേലക്കെത്തിയതോടെ ക്ഷേത്രാങ്കണം ഉത്സവ ലഹരിയില്‍. പ്രധാന ആകര്‍ഷണമായ തിരിക്കുതിരകളുമായി വേലയില്‍ പങ്കെടുക്കുന്നത് വെങ്ങിലശേരി അമ്പലകുതിരയും വേലൂര്‍ ദേശ കുതിരയുമാണ്. അച്ചുതണ്ടില്‍ തിരിയുന്ന ഘടനയുള്ള കുതിരകളെ അന്നത്തെ കഴിവു തെളിയിച്ച തച്ചന്മാരാണ് രൂപകല്പന നടത്തിയിട്ടുള്ളത്. അതു കൊണ്ട് തന്നെ ഇന്നും വേലക്ക്, കുതിരയെ നിര്‍മ്മിക്കുന്നതില്‍ ദേശത്തെ തച്ചന്മാര്‍ക്ക് മുഖ്യപങ്കാണുള്ളത്. 30 അടിയിലധികം നീളമുള്ള 3 തേക്കില്‍ തണ്ടില്‍ 11അടി ചതുര പലകയിലാണ് കുതിരയുടെ അച്ചുതണ്ട്. അതില്‍ 4 മരച്ചക്രങ്ങളിലാണ് കുതിര കറങ്ങുന്നത്. തണ്ടുകളില്‍ 4 അടിയോളം ഉയരത്തിലുള്ള തടികളിലാണ് കുതിരയും 5 പടയാളികളും, പാലാഴിമഥനം, നൃത്തം ചെയ്യുന്ന നര്‍ത്തകിമാര്‍ , പല്ലക്കില്‍ സഞ്ചരിക്കുന്ന റാണി പുഷ്പങ്ങള്‍ എന്നിവയാല്‍ അലംകൃതമായ ചുറ്റു ഗോപുരം എന്നിവ തീര്‍ത്തിരിക്കുന്നത്. കിടക്കുന്ന രൂപത്തിലുള്ള കുതിരയെ, എഴുന്നെള്ളിപ്പിന്റെ സമയങ്ങളില്‍ 2 അടിയോളം ഉയരത്തില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്താനുള്ള സംവിധാനവും ചെയ്തിട്ടുണ്ട്. കുതിരത്തല, കുതിരക്കാലുകള്‍ ആഭരണയാടകള്‍ എന്നിവക്ക് നൂറ്റണ്ടിന്റെ പഴക്കമുള്ളത്. നൂതന സാങ്കേതിക വിദ്യകള്‍ വെട്ടി പിടിക്കുന്ന തടിനിര്‍മ്മാണ രംഗത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരികുതിരകള്‍, ശാസ്ത്ര മേഖലയില്‍ മുന്നിട്ടു നില്‍ക്കുന്ന പുതു തലമുറക്കു മുന്നില്‍ ഇന്നും അത്ഭുതം തന്നെയാണ്.