വടക്കാഞ്ചേരിയില്‍ ബിജെപി – സി.പി.എം. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റമുട്ടി

ഹര്‍ത്താലില്‍ വടക്കാഞ്ചേരിയില്‍ ബി.ജെ.പി – സി. പി. എം. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റ് മുട്ടി ,പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം, പൊലീസ് ലാത്തിവീശി.ബുധനാഴ്ച നടന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് വടക്കാഞ്ചേരിയില്‍ സംഘര്‍ഷമുണ്ടായത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കര്‍മസമിതിയുടെ നേതൃത്വത്തില്‍ ബി.ജെ.പി, ആര്‍.എസ്.എസ്.ഉള്‍പ്പടെയുള്ള സംഘ് പരിവാര്‍ നടത്തിയ പ്രകടനത്തില്‍ വടക്കാഞ്ചേരിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്ത പ്രവര്‍ത്തകര്‍ സി.പി.എം പാര്‍ട്ടി ഓഫീസ് എറിഞ്ഞ് തകര്‍ത്തിരുന്നു. ഇതിന്റെ പ്രതികാരമായി സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി ഓഫീസില്‍ കയറി ഓഫീസ് അടിച്ച് തകര്‍ക്കുകയും കൊടിമരങ്ങള്‍ തകര്‍ക്കുകയും ചെയ്തു.തുടര്‍ന്ന് ഇരുവിഭാഗവും സംഘടിച്ചെത്തിയെങ്കിലും പോലീസിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് സ്ഥിതി ഗതികള്‍ ശാന്തമായത്. എന്നാല്‍ ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന പ്രകടനത്തില്‍ വീണ്ടും അക്രമം അരങ്ങേറുകയായിരുന്നു.സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സംഘം വടക്കാഞ്ചേരിയില്‍ നിലയുറപ്പിച്ചിരുന്നെങ്കിലും ഇത് വകവെക്കാതെ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സി.പി.എം ഓഫീസ് എറിഞ്ഞ് തകര്‍ത്തു.തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ തിരിച്ച് കല്ലെറിഞ്ഞു. ഇരുവിഭാഗവും കല്ലുകള്‍ എറിഞ്ഞ് പരസ്പരം ആക്രമിച്ചപ്പോള്‍ പോലീസ് ലാത്തി വീശിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന മാധ്യമ പ്രവര്‍ത്തകരെ ആര്‍.എസ്.എസ്. ബി.ജെ.പി പ്രവര്‍ത്തകര്‍ ബലമായി തടഞ്ഞു.വടക്കാഞ്ചേരി എങ്കക്കാട് ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകന്റെ വീടിന് നേരെ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിട്ടുണ്ട്.