കുന്നംകുളത്തിന്റെ മനംകവര്‍ന്ന് അട്ടപ്പാടി വനസുന്ദരി.

കുന്നംകുളത്ത് നടക്കുന്ന സരസ് ഭക്ഷ്യ മേളയിലെ താരമായി വനസുന്ദരി ചിക്കന്‍. അട്ടപ്പാടി സ്‌പെഷ്യല്‍ ഐറ്റമാണ് വനസുന്ദരി. പച്ചിലകളും ചിക്കനും മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വിഭവം ആദിവാസികളുടെ സ്‌പെഷ്യല്‍ ഐറ്റം ആണ്. അട്ടപ്പാടിയില്‍ നിന്നും ചുരമിറങ്ങി കുന്നംകുളം സരസില്‍ എത്തിയ വനസുന്ദരിയ്ക്ക് ഇപ്പോള്‍ കുന്നംകുളത്തും ആരാധകരേറയാണ്. പ്രകൃതിദത്തമായ ചേരുവകള്‍ ചേര്‍ത്ത് ഒരുക്കുന്ന രുചികരമായ ചിക്കന്‍ വിഭവമാണ് വനസുന്ദരി. അട്ടപ്പാടിയിലെ ദൈവക്കുണ്ട് ഊരിലെ ഇരുള വംശജരാണ് വനസുന്ദരിയെ തയ്യാറാക്കി നല്‍കുന്നത്. നല്ല നാടന്‍ പച്ചകുരുമുളകും, കാന്താരിയും, കറിവേപ്പിലയും, മേമ്പൊടിയായി അല്പം കോഴിജീരകയിലയും പുതിയിനയിലയും ചേര്‍ത്തു പൊരിച്ചെടുത്ത ചിക്കന്‍ ഒരുതവണ രുചിച്ചാല്‍ പിന്നെ പറയാന്‍ ഒന്നുമില്ല. അത്രയ്ക്കുണ്ട് ഇതിന്റെ രുചി വൈഭവം. മറ്റുള്ള ചിക്കന്‍ വിഭവങ്ങളെ അപേക്ഷിച്ച് വനസുന്ദരിയെ വ്യത്യസ്തമാക്കുന്നത് ഹെര്‍ബല്‍ എന്ന പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഈ വിഭവത്തിനായി ആവശ്യക്കാര്‍ ഏറെയാണ്. കഴിഞ്ഞ രണ്ടു ദിവസം കൂപ്പണ്‍ എടുത്ത് മണിക്കൂറുകളോളം ക്യൂവില്‍ നിന്നാണ് ആളുകള്‍ വനസുന്ദരി വാങ്ങിയത്. സിജി, പൊന്നി,ലക്ഷ്മി,മല്ലിക,നഞ്ചി, തുടങ്ങിയ അട്ടപ്പാടിയിലെ സുന്ദരികളാണ് വനസുന്ദരിയുടെ രുചിയ്ക്കു പുറകില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇത് രണ്ടാം തവണയാണ് സരസിലൂടെ വനസുന്ദരി ഭക്ഷണപ്രിയരെ കൈയ്യിലെടുക്കുന്നത്. 2018 ല്‍ പട്ടാമ്പിയില്‍ വച്ചു നടന്ന സരസ്‌മേളയിലും വനസുന്ദരി താരമായിരുന്നു. കുന്നംകുളത്തെ സരസിലും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാവുകയാണ് വനസുന്ദരി. നിലവില്‍ രണ്ടു കുഞ്ഞു ദോശകള്‍ക്കും ചമ്മന്തിക്കുമൊപ്പം കോംബോ ആയി 150 രൂപയ്ക്കാണ് വനസുന്ദരി ലഭിക്കുന്നത്.