മണത്തല കളത്തില്‍ ശ്രീരുദ്രാ ദേവി ക്ഷേത്രത്തിലെ കളമെഴുത്ത്പാട്ടുത്സവം സമാപിച്ചു.

Advertisement

Advertisement

ചാവക്കാട് മണത്തല കളത്തില്‍ ശ്രീരുദ്രാ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷങ്ങളുടെ ഭാഗമായി വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടന്നുവന്നിരുന്ന കളമെഴുത്ത്പാട്ടുത്സവം സമാപിച്ചു. നാഗകളം, ഭൂതകളം, ഭഗവതികളം, മുത്തപ്പന്‍കളം എന്നിവയാണ് നടത്തിയത്. മൂന്ന് വര്‍ഷത്തില്‍ ഒരിക്കലാണ് ഇവിടെ കളങ്ങള്‍ നടത്തുന്നത്. ക്ഷേത്രത്തിനകത്തും പുറത്തുമായി മേലേക്കാവ്, കീഴെക്കാവ് എന്നീ സര്‍പ്പക്കാവുകളുമുണ്ട്. ചിത്രകൂടക്കല്ലുകളിലാണ് നാഗങ്ങളെ പ്രതിഷ്ഠിച്ചിട്ടുള്ളത്.പുള്ളുവ ആചാര്യന്‍ വേലൂര്‍ വിശ്വനാഥന്‍ മുരളി കളങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ഭഗവതിയുടെ നടയില്‍ നിന്നും താളമേള അകമ്പടിയോടെ താലപ്പൊലിയുമായി ചെന്ന് മേലേക്കാവിലെ നാഗദേവകളോടും ഹനുമാന്‍സ്വാമി, വനദുര്‍ഗ, മുത്തപ്പന്‍, ഘണ്ടാകര്‍ണ്ണന്‍, കാപ്പിരി, വീരഭദ്രന്‍, കരിങ്കുട്ടി എന്നീ ഉപദേവതകളോടും ഉപചാരം ചൊല്ലി അനുവാദം വാങ്ങി, ക്ഷേത്രത്തിലെ കീഴെക്കാവിലെത്തി പൂജകള്‍ ചെയ്താണ് ഓരോ കളവും ആരംഭിക്കാറുള്ളത്. മെയ് രണ്ടിനാണ് പ്രതിഷ്ഠാദിനം. കൊടുങ്ങല്ലൂര്‍ ആല നന്ദു തന്ത്രി പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും. രണ്ടിന് പുലര്‍ച്ചെ അഞ്ചരക്ക് മഹാഗണപതി ഹോമത്തോടെ ആരംഭിക്കുന്ന പ്രതിഷ്ഠാദിനാഘോഷ ചടങ്ങുകളില്‍ പതിവ് പൂജകള്‍ക്കു പുറമെ, പകല്‍ കലശപൂജ, കലശാഭിഷേകം, ഭൂവനേശ്വരീ കര്‍മ്മം, ചിത്രകൂടപൂജ എന്നീ വിശേഷാല്‍ പൂജകളും കുടുംബമഹാസഭ, ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവകളും സന്ധ്യയ്ക്കു കൂട്ടപ്രാര്‍ത്ഥനയും ദീപാരാധനയും താലം വരവും പ്രസാദ ഊട്ടും ഉണ്ടായിരിക്കും.