7,000 കോവിഡ് മരണങ്ങള്‍ കൂടി ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തും: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Advertisement

Advertisement

 

 

സംസ്ഥാനത്തിന്റെ ഔദ്യോഗിക കോവിഡ് മരണ പട്ടികയില്‍ 7,000 മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതോടെ സംസ്ഥാനത്ത് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ എണ്ണം 33,000 പിന്നിട്ടു. കോവിഡ് മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ജൂണ്‍ മാസത്തിലാണ് മരണം ഓണ്‍ലൈനായി ആശുപത്രികള്‍ നേരിട്ട് അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങിയത്. അതിന് മുമ്പുള്ള മരണങ്ങളില്‍ രേഖകള്‍ ഇല്ലാതെയും മറ്റും ഔദ്യോഗിക മരണപ്പട്ടികയില്‍ ചേര്‍ക്കപ്പെടാതെ പോയ മരണങ്ങളാണ് ഇത്. കേരളത്തിലെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു.സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍, കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് വേണ്ടിയിട്ടുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചവരെയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പരിഹാരം കാണും. സമയബന്ധിതമായി സുതാര്യമായി തന്നെ പരാതികള്‍ തീര്‍പ്പാക്കുന്നതാണ്. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ പറ്റുമോ അതെല്ലാം സ്വീകരിക്കുന്നതാണ്. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും സഹായം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.