കാളി-ദാരിക സംവാദവും പ്രതീകാത്മക ദാരിക വധവും അരങ്ങേറുന്ന ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് തുടക്കമായി

Advertisement

Advertisement

കാളി-ദാരിക സംവാദവും പ്രതീകാത്മക ദാരിക വധവും അരങ്ങേറുന്ന ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് തുടക്കമായി. ഗ്രാമവീഥികളെ ആവേശത്തിലാഴ്ത്തി ഉച്ചയോടെ വാദ്യമേളങ്ങളും ആനകളുമായുള്ള ദേശക്കാരുടെ എഴുന്നള്ളിപ്പുകള്‍ ആരംഭിക്കും. പാണ്ടിമേളത്തിന്റെ അകമ്പടിയോടെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ മുപ്പതോളം ആനകള്‍ അണിനിരക്കും. ദാരികനായുള്ള യുദ്ധത്തിനൊരുങ്ങുന്ന ഭഗവതിയുടെ സ്മരണയില്‍ ക്ഷേത്രത്തില്‍ കുതിരവേല ആഘോഷിച്ചു.രാവിലെ വിശേഷപൂജകള്‍ക്ക് ശേഷം ഭഗവതിയെ വലിയമ്പലത്തിലേക്ക് എഴുന്നള്ളിച്ചു. യുദ്ധത്തിന് വിഘ്‌നം വരാതിരിക്കാന്‍ ഗണപതിക്കിടല്‍ ചടങ്ങുണ്ടായി. ഉച്ചയോടെ ആരംഭിക്കുന്ന ദേശക്കാരുടെ എഴുന്നള്ളിപ്പുകള്‍ വൈകിട്ടു ക്ഷേത്രത്തിലെത്തി സമാപിക്കും. ആലിന്‍ചുവട്ടില്‍ അണിനിരക്കുന്ന കൊമ്പന്‍മാര്‍ക്കൊപ്പം ദേവസ്വം തിടമ്പേറ്റുന്ന കൊമ്പന്‍ പാറന്നൂര്‍ നന്ദന്‍ എത്തുന്നതോടെ പാണ്ടിമേളത്തോടെ കൂട്ടിയെഴുന്നള്ളിപ്പിന് തുടക്കമാകും. ഭഗവതിയുമായുള്ള യുദ്ധത്തിനായി ആദ്യം ദാരികര്‍ ക്ഷേത്രത്തിലെത്തും. അലറി വിളിച്ചെത്തുന്ന കാളി തേരിലേറി മതിലകത്തേക്ക് പടനയിക്കും. മതിലകത്ത് കാളി- ദാരിക സംവാദം അരങ്ങേറും. കുപിതയായ ഭദ്രകാളിയെ കണ്ട് ദാരികന്‍ മായയില്‍ മറയുന്ന വിശ്വാസത്തിലാണ് പകല്‍പൂരത്തിന് സമാപനം. പുലര്‍ച്ചെ പാലയ്ക്കല്‍ കാവിലെത്തുന്ന ഭഗവതിയെ കാളിയും ദാരികനും പറവെച്ച് സ്വീകരിക്കും. തുടര്‍ന്ന് ക്ഷേത്രാങ്കണത്തിലെത്തുന്ന കാളിയും ദാരികരും തേരിലേറി മതിലകത്തേക്ക് പടനയിക്കും. മതിലകത്ത് നടക്കുന്ന സംവാദത്തിനൊടുവില്‍ ഓടിയൊളിക്കുന്ന ദാരികനെ കണ്ടെത്തി പ്രതീകാത്മക വധം നടത്തി ദാരിക കിരീടവുമായി കാളി മടങ്ങുന്നതോടെയാണ് പൂരത്തിന് സമാപനം.