ഇനി മണിക്കൂറുകള്‍ മാത്രം;കാല്‍പന്ത്കളിയിലെ കനകകിരീടത്തില്‍ മൂന്നാമത് മുത്തമിടുക ആരാകും? ആകാംക്ഷയുടെ ആവേശാരവങ്ങളില്‍ ലോകം

Advertisement

Advertisement

2022 ഫിഫ ലോകകപ്പിൽ ഇന്ന് കലാശപോരാട്ടം. കിരീട നേട്ടത്തിനായി മുൻ ചാമ്പ്യൻമാരായ അർജന്റീനയും നിലവിലെ ജേതാക്കളായ ഫ്രാൻസുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഖത്തറിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. 80,000ത്തിലധികം പേർക്ക് കളി കാണാനുള്ള അവസരം സ്റ്റേഡിയത്തിലുണ്ടാകും. കലാശപ്പോരിന് നേർസാക്ഷിയാകാൻ ഏകദേശം അരലക്ഷത്തോളം ആളുകൾ എത്തുമെന്നാണ് കണക്ക്.
കോടിക്കണക്കിന് ആരാധകരുടെ സ്വപ്‌ന സാക്ഷാത്കാരമായി കിരീടം സ്വന്തമാക്കാൻ ലയണൽ മെസ്സിക്ക് കഴിയുമോയെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. മെസ്സിയുടെ അവസാന ലോകകപ്പ് മത്സരമാണെന്നിരിക്കെ അർജന്റീനയുടെ ആരാധകർ ഫൈനൽ മത്സരത്തിനായി നൽകിയിരിക്കുന്ന പ്രതീക്ഷ ചെറുതല്ല. മെസ്സിയുടെ മാന്ത്രികതയിൽ വർഷങ്ങൾക്ക് ശേഷം അർജന്റീന കപ്പ് നേടുമോയെന്നും എംബാപ്പേയുടെ മികവിൽ ഫ്രാൻസ് ലോകകപ്പ് നിലനിർത്തുമോയെന്നും ഇന്ന് രാത്രിയറിയാം..
1962ലെ ലോകകപ്പിൽ ബ്രസീലിന് ശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ഖ്യാതിയാണ് വിജയിച്ചാൽ ഫ്രാൻസിന് ലഭിക്കുക. അതേസമയം മെസ്സി കിരീടമുയർത്തിയാൽ 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വന്തമാക്കാൻ കഴിയുന്ന ടീമാകും അർജന്റീന.