ചൂണ്ടല്‍ പഞ്ചായത്തിലെ കര്‍ഷകരുടെ ആശ്രയമായ പാറന്നൂര്‍ ചിറയില്‍ ഇറിഗേഷന്‍ വകുപ്പ് നടത്തിയ അറ്റകുറ്റപ്പണികള്‍ ഭാഗികം.

Advertisement

Advertisement

ചൂണ്ടല്‍ പഞ്ചായത്തിലെ കര്‍ഷകരുടെ ആശ്രയമായ പാറന്നൂര്‍ ചിറയില്‍ ഇറിഗേഷന്‍ വകുപ്പ് നടത്തിയ അറ്റകുറ്റപ്പണികള്‍ ഭാഗികം. ചിറയുടെ കോണ്‍ക്രീറ്റ് ഭിത്തികളുടെ അറ്റകുറ്റ പണിയാണ് ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. ചിറയുടെ ഷട്ടറുകളുടെ ഭാഗത്ത് സിമന്റ് അടര്‍ന്ന് പോയതും ചോര്‍ച്ച ഉണ്ടായിരുന്നതുമായ സ്ഥലങ്ങളിലാണ് പ്രവര്‍ത്തി ചെയ്തിട്ടുള്ളത്. 12 ലക്ഷം രൂപ ചിലവഴിച്ചാണ് ഇറിഗേഷന്‍ വകുപ്പ് അറ്റകുറ്റ പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ നടത്തിയ പ്രവര്‍ത്തി മൂലം ജലം തടഞ്ഞ് നിറുത്തുന്നതിനുള്ള ശ്രമം പൂര്‍ണ്ണമായും നടപ്പിലാകുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. കാലാകാലങ്ങളില്‍ ചെയ്തു തീര്‍ക്കേണ്ട പ്രവര്‍ത്തികള്‍ സമയബന്ധിതമായി ചെയ്യാതിരുന്നത് മൂലം ഷട്ടറുകള്‍ക്കുണ്ടായ തകരാറുകള്‍ പോലും പൂര്‍ണ്ണമായി പരിഹരിക്കാനായിട്ടില്ല. നെല്ലും മറ്റു വിളകളും സുഗമമായി കൃഷി ചെയ്യുന്നതിന് മേഖലയിലെ കര്‍ഷകരുടെ ആശ്രയമായ ചിറ, ടൂറിസം ഭൂപടത്തിലും ഇടം പിടിച്ച സ്ഥലമാണ്. കൃഷിയ്ക്കും ടൂറിസത്തിനും പ്രാധാന്യം നല്‍കുന്ന വിധമുള്ള പ്രവര്‍ത്തികള്‍ ആവിഷ്‌കരിക്കുന്നതില്‍ ഇറിഗേഷന്‍ വകുപ്പ് തികഞ്ഞ നിസംഗത പുലര്‍ത്തുന്നതായും ആക്ഷേപമുണ്ട്. ചിറയുടെ മറ്റു ഭാഗങ്ങളിലുള്ള ചോര്‍ച്ച പരിഹരിക്കുന്നതിന് ഇറിഗേഷന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെങ്കില്‍ ഇപ്പോള്‍ ചെയ്ത പ്രവര്‍ത്തി കൊണ്ട് കര്‍ഷകന് ഗുണമുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.