ആമക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ചൊവ്വാഴ്ച ആഘോഷിക്കും

Advertisement

Advertisement

96 ദേശങ്ങള്‍ക്ക് ഉത്സവപ്പൊലിമയേകി ആമക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ചൊവ്വാഴ്ച ആഘോഷിക്കും. കാലത്ത് നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉച്ചക്ക് 3 മണിയോടെ 5 ആന പഞ്ചവാദ്യത്തോടെ ക്ഷേത്ര നടയില്‍ നിന്ന് ദേവസ്വം എഴുന്നള്ളിപ്പിന് തുടക്കമാവും. ചിറക്കല്‍ കാളിദാസന്‍, തിരുവമ്പാടി ചന്ദ്രശേഖരന്‍, ഗുരുവായൂര്‍ നന്ദന്‍, നന്ദിലത്ത് ഗോപാലകൃഷ്ണന്‍, കൂറ്റനാട് വിഷ്ണു, ചെര്‍പ്പുളശ്ശേരി രാജശേഖരന്‍, കണ്ണന്‍, മീനാട് വിനായകന്‍, ആര്യനന്ദന്‍ തുടങ്ങിയ തലയെടുപ്പുള്ള ഇരുപത്തിയേഴ് ഗജവീരന്മാരും പ്രഗത്ഭരായ പഞ്ചവാദ്യ കലാകാരന്മാരും അണിനിരക്കുന്ന വിവിധ കമ്മിറ്റികളുടെ പൂരം എഴുന്നെള്ളിപ്പ് സമയക്രമമനുസരിച്ച് ക്ഷേത്ര നടയില്‍ അരങ്ങേറും.

വിവിധ ആഘോഷ കമ്മിറ്റികളുടെ ആന, മേളം, പഞ്ചവാദ്യം എന്നിവയും തകില്‍, കാവടി, തിറ , പൂതന്‍, കാള വരവ് , കരിങ്കാളി എന്നിവയും ഉത്സവത്തിന് മിഴിവേകും. വൈകീട്ട് തായമ്പക ഉണ്ടാകും. രാത്രി 1.30 ന് താലത്തോട് കൂടിയുള്ള ദേവസ്വം കമ്മിറ്റിയുടെ എഴുന്നെള്ളിപ്പും, മറ്റ് പ്രധാന കമ്മിറ്റികളുടെയും രാത്രി എഴുന്നെള്ളിപ്പുകളും ഉണ്ടാവും. ആമക്കാവ് പൂരം സിസിടിവി പ്രാദേശികം ചാനലിലൂടെയും, യൂട്യൂബ് ചാനലിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും.