പോളിംഗ് പുരോഗമിക്കുന്നു… മേഖലയിലെ തത്സമയ വിവരങ്ങള്‍….

Advertisement

Advertisement

തൃശൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയതിനു ശേഷം കണ്ണന്റെ അനുഗ്രഹം തേടിയെത്തി. മുക്കാട്ടുകര സെന്റ് ജോര്‍ജ് സ്‌കൂളില്‍ കുടുംബസമേതം വോട്ട് ചെയ്ത ശേഷം രാവിലെ 9 മണിയോടെയാണ് സുരേഷ് ഗോപി ക്ഷേത്രനടയില്‍ എത്തിയത്.

വിവിപാറ്റ് മെഷീനില്‍ ബീപ് ശബ്ദം വരുന്നതിന് സാധാരണയില്‍ കൂടുതല്‍ സമയം; ചൂണ്ടല്‍, കണ്ടാണശ്ശേരി പഞ്ചായത്തുകളിലെ വിവിധ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട നിര.

ജനാധിപത്യ മൂല്യങ്ങള്‍ ഉറപ്പുവരുത്തുകയും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യയില്‍ വരണം എന്നാണ് തന്റെ ആഗ്രഹം എന്ന് കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണന്‍. കടവല്ലൂര്‍ പഞ്ചായത്ത് കരിക്കാട് സ്‌കൂളിലെ 31-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം സിസിടിവിയോട് സംസാരിക്കുകയായിരുന്നു ഹരിനാരായണന്‍.

കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് അക്കിക്കാവ് സെന്റ്‌മേരീസ് കോളേജിലെ 55ആം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

ചലച്ചിത്ര താരം ഇര്‍ഷാദ് അലി കേച്ചേരി പട്ടിക്കര മൊയ്തു മെമ്മോറിയല്‍ എല്‍.പി. സ്‌കൂളിലെ 40-ാംനമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

കേച്ചേരിയില്‍ വോട്ട് ചെയ്യാനെത്തിയ മുതിര്‍ന്ന പൗരനായ വോട്ടര്‍ കുഴഞ്ഞുവീണു. മഴുവഞ്ചേരി സ്വദേശി നെല്ലിക്കുന്ന് വീട്ടില്‍ സെബാസ്റ്റ്യനാണ് (72) കുഴഞ്ഞു വീണത്.

സിനിമാതാരവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാന്‍ഡ് അംബാസിഡറുമായ ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി

കൊരട്ടിക്കര സ്‌കൂളിലെ 32 നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍. പോളിംഗ് തുടങ്ങി 30 ഓളം വോട്ടുകള്‍ രേഖപ്പെടുത്തിയതിനു ശേഷമാണ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചത്. തുടര്‍ന്ന് വോട്ടിംഗ് മെഷീന്‍ മാറ്റി വീണ്ടും പോളിംഗ് ആരംഭിച്ചു.

കടങ്ങോട് പഞ്ചായത്തിലെ 121-ാം ബൂത്തിലെ അസൗകര്യം വോട്ടര്‍മാരെയും ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിലാക്കി. കടങ്ങോട് പഞ്ചായത്ത് കുടുംബശ്രീ ഓഫീസിലാണ് 121-ാം ബൂത്ത് സജ്ജമാക്കിയിട്ടുള്ളത്. ഇടുങ്ങിയ റൂമിലാണ് ബൂത്ത് ഒരുക്കിയിട്ടുള്ളത് എന്നതിനാല്‍ വോട്ടെടുപ്പ് ഇഴഞ്ഞ് നീങ്ങുന്ന അവസ്ഥയാണുള്ളത്

ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ആലത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി

തൃശ്ശൂര്‍ മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂല തരംഗം ആകുമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനറും മുന്‍ എംഎല്‍എയുമായ കെ വി അബ്ദുല്‍ ഖാദര്‍. ബ്ലാങ്ങാട് മാട് ഹിദായത്തുല്‍ അവാം എയ്ഡഡ് മാപ്പിള ലോവര്‍ പ്രൈമറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം സിസിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃശൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷം നേടുമെന്ന് എന്‍.കെ അക്ബര്‍ എംഎല്‍എ. ചാവക്കാട് വുമണ്‍സ് ഇസ്ലാമിയ കോളേജില്‍ വോട്ട് രേഖപ്പെടുത്തി, സിസിടിവി യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ചാവക്കാട് മേഖലയില്‍ വോട്ടിങ് പുരോഗമിക്കുന്നു. മോക്ക് പോള്‍ വോട്ട് ആരംഭിച്ച സമയം മേഖലയില്‍ 4 ബൂത്തുകളില്‍ മെഷീന്‍ പണി മുടക്കി. പിന്നീട് ഇവ മാറ്റി സ്ഥാപിച്ച് വോട്ടിംഗ് ആരംഭിച്ചു. രാവിലെ തന്നെ പല ബൂത്തുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.

പൊന്നാനി ലോകസഭ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഡ്വ. സി .നിവേദിത ഗുരുവായൂര്‍ ജി.യു.പി. സ്‌കൂളിലെ 109-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

തീരദേശ മേഖലകളില്‍ പോളിംഗ് ശക്തം. മിക്ക സ്ഥലങ്ങളിലും തിരക്കനുഭവപ്പെടുന്നു

വേലൂര്‍ പഞ്ചായത്തില്‍ വോട്ടിങ് ആരംഭിച്ചു. 7 മണിയോടെയാണ് വോട്ടിങ് ആരംഭിച്ചത.് വേലൂര്‍ പള്ളി സ്‌ക്കൂള്‍, പുലിയന്നൂര്‍ ഗവണ്‍മെന്റ് യൂ പി സ്‌കൂള്‍ എന്നി ബൂത്തുകളില്‍ നല്ല തിരക്ക് അനുഭവപെടുന്നുണ്ട്.

പുന്നയൂര്‍ക്കുളം ചെറായി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കിസ്‌കൂള്‍ പിടിഎ.
തികച്ചും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് സ്‌കൂളില്‍ പോളിംഗ് പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്.