പാവറട്ടിയില്‍ യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍ മരിച്ച സംഭവം; സി.ബി.ഐ തെളിവെടുപ്പ് നടത്തി.

Advertisement

Advertisement

പാവറട്ടിയില്‍ യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഗുരുവായൂരിലെത്തി തെളിവെടുപ്പ് നടത്തി. മലപ്പുറം സ്വദേശി രഞ്ജിത്ത് മരിച്ച കേസിലാണ് സി.ബി.ഐ അന്വേഷണം നടത്തിയത്. 2019 ഒക്ടോബര്‍ ഒന്നിനാണ് കഞ്ചാവുമായി രഞ്ജിത്തിനെ എക്‌സൈസ് കസ്റ്റഡിയിലെടുക്കുന്നത്. രഞ്ജിത്തിനെ അവശനിലയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയധികൃതര്‍ മരണം സ്ഥിരീകരിച്ചു. അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ജീപ്പില്‍ നിന്നും രക്ഷപെട്ടോടാന്‍ പ്രതി ശ്രമിച്ചിരുന്നെന്നുമായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. മര്‍ദ്ദനമേറ്റ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇയാളുടെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. എക്‌സൈസ് വാഹനത്തില്‍ രഞ്ജിത്തുമായി ഉദ്യോഗസ്ഥര്‍ ഗുരുവായൂരിലൂടെ കറങ്ങുന്നത് പലരും കണ്ടതായി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുരുവായൂരില്‍ തെളിവെടുപ്പ് നടത്തിയത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി. നന്ദകുമാര്‍ നായര്‍, ഡിവൈ.എസ്.പി അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.