കര്‍ഷകര്‍ക്ക് താങ്ങായും സാധാരണക്കാര്‍ക്ക് തണലായും ഹോര്‍ട്ടികോര്‍പ്പ്.

Advertisement

Advertisement

സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണശാലയായ ഗുരുവായൂരില്‍ ഓണ വിപണി സജീവമാണ്. ഇവിടെ സജ്ജമാക്കിയ സമൃദ്ധി സ്റ്റാളില്‍ വിപണി വിലയേക്കാള്‍ 30% വിലക്കുറവില്‍ ആണ് പച്ചക്കറികള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും കൊവിഡ് മഹാമാരി ഉണ്ടാക്കിയ ദുരിതങ്ങള്‍ക്കിടയിലും ഓണം ആഘോഷിക്കാന്‍ ഈ സര്‍ക്കാര്‍ സംവിധാനം ഏറെ സഹായകമാകുന്നുണ്ട്. വിപണിവിലയേക്കാള്‍ 10% കൂടുതല്‍ വിലയില്‍ കര്‍ഷകരില്‍ നിന്നും കര്‍ഷകസമിതികളില്‍ നിന്നും ശേഖരിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഇങ്ങനെ 30% വിലക്കുറവില്‍ സബ്‌സിഡിയോടെ നല്‍കുന്നത് എന്നതാണ് ശ്രദ്ധേയമെന്ന് ജില്ലാ മാനേജര്‍ എ അന്‍ഷാദ് പറഞ്ഞു. ജില്ലയിലെ ഹോര്‍ട്ടികോര്‍പ്പിന്റെ 7 നേരിട്ടുള്ള കേന്ദ്രങ്ങള്‍ വഴിയും വില്പന ഉണ്ട്. ജില്ലയിലുടനീളം കൃഷി വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ഓണ ചന്തകളിലേക്കും ഗുരുവായൂര്‍ കിഴക്കേ നടയിലുള്ള നഗരസഭ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ ഈ ഡിപ്പോയില്‍ നിന്നാണ് പച്ചക്കറികള്‍ അയക്കുന്നത്. കൂടാതെ വിയ്യൂര്‍ ജയില്‍, മാനസികരോഗ ആശുപത്രി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറികള്‍ ഉപയോഗിച്ചാണ് ഓണം ആഘോഷിക്കുക.