കോവിഡ്കാലം കലാകാരനാക്കിയ മുണ്ടറക്കോട് ചന്ദ്രന്‍, ഓട്ടന്‍തുള്ളലില്‍ അരങ്ങേറ്റം നടത്തി

 

കോവിഡ്കാലം കലാകാരനാക്കിയ മുണ്ടറക്കോട് ചന്ദ്രന്‍, ഓട്ടന്‍തുള്ളലില്‍ അരങ്ങേറ്റം നടത്തി. കലയോടുള്ള അടങ്ങാത്ത അഭിനിവേഷത്തിന്റെ ഉത്തമ ഉദാഹരണമാണീ അരങ്ങേറ്റം.ബാല്യകാലത്ത് തുടക്കമിട്ട കലകള്‍ കോവിഡ് കാലത്ത് പൊടി തട്ടിയെടുത്ത് ശ്രദ്ധേയനാണ് ഗുരുവായൂര്‍ സ്വദേശി മുണ്ടറക്കോട് ചന്ദ്രന്‍. അസുരവാദ്യമായ ചെണ്ടയിലൂടെ അരങ്ങേറ്റം കുറിച്ച് മൃദംഗം, ഉടുക്ക്, മുഖര്‍ശംഖ്, ഓടക്കുഴല്‍ എന്നീ വാദ്യോപകരണങ്ങളില്‍ വൈദഗ്ദ്ധ്യം തെളിയിച്ചു. സാഹിത്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഈ ബഹുമുഖ പ്രതിഭയുടെ തൂലികയില്‍ രണ്ട് നോവലുകളും ഒരു കവിതയും ഒരു നാടകവും പിറവിയെടുത്തു. കോവിഡിലെ അടച്ചു പൂട്ടലില്‍ മിക്കവരും വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടിയപ്പോള്‍ ചന്ദ്രന്‍ ആ സമയം എഴുത്തിനും കലക്കുമായി നീക്കിവയ്ക്കുകയായിരുന്നു. പ്രായം തളര്‍ത്താത്ത മനസ്സുമായി 65 ന്റെ നിറവിലാണ് ഓട്ടന്‍തുള്ളല്‍ പഠിക്കാന്‍ മോഹം തോന്നിയത്. രണ്ടര വര്‍ഷത്തെ കഠിനപ്രയത്‌നത്തിനൊടുവിലാണ് കണ്ണനു മുന്നില്‍ അരങ്ങേറ്റം കുറിച്ചത്. ആഗ്രഹം സഫലീകരിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു(ബൈറ്റ്). സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ നഗരസഭയില്‍ നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. മെയ് വഴക്കത്തില്‍ പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും പാഠഭാഗങ്ങള്‍ കൃത്യതയോടെ എഴുതിയെടുത്ത് മികച്ച പഠിതാവാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് പരിശീലക കലാമണ്ഡലം ശരണ്യ സുബ്രമണ്യന്‍ പറഞ്ഞു(ബൈറ്റ്). കല്യാണസൗഗന്ധികം കഥയാണ് മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ചത്. ആസ്വാദകരെ കൊണ്ട് ഓഡിറ്റോറിയം തിങ്ങി നിറഞ്ഞിരുന്നു. കലാമണ്ഡലം ശരണ്യ സുബ്രഹ്‌മണ്യന്‍, കലാമണ്ഡലം ശരത് ലാല്‍, കലാമണ്ഡലം അനിരുദ്ധ് എന്നിവര്‍ പക്കമേളം ഒരുക്കി.

 

ADVERTISEMENT