ഭക്ഷണശാലയില്‍ അല്‍ഫാം ആസ്വദിച്ച് കഴിക്കുന്ന എലി; നഗരസഭ ആരോഗ്യ വിഭാഗം കട പൂട്ടി

Advertisement

Advertisement

റെസ്റ്റോറന്റില്‍ തയ്യാറാക്കി വച്ചിരുന്ന അല്‍ഫാം, എലി കഴിക്കുന്നത് കണ്ട ഉപഭോക്താവിന്റെ പരാതിയില്‍ നഗരസഭ പൊതുജനാരോഗ്യ വിഭാഗം സ്ഥാപനം അടച്ച് പൂട്ടി. കുന്നംകുളം-പട്ടാമ്പി റോഡില്‍ പാറേമ്പാടത്തെ അലാമി അറബിക് റെസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുവാനെത്തിയ ഉപഭോക്താവാണ് അല്‍ഫാം എലി കഴിക്കുന്നത് കണ്ടത്. ഉടനെ ചിത്രം പകര്‍ത്തി നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവിക്ക് വാട്ട്‌സ് ആപ്പ് സന്ദേശമയച്ചു. പതിനഞ്ച് മിനിറ്റിനകം സ്ഥലം സന്ദര്‍ശിച്ച നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്‌ളീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി.പി.ജോണ്‍ റെസ്റ്റോറന്റില്‍ പരിശോധന സമയത്തുണ്ടായിരുന്ന മുഴുവന്‍ ഭക്ഷണ സാധനങ്ങളിലും എലികളുടെ സാന്നിധ്യം നേരില്‍ മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഭക്ഷണ സാധനങ്ങള്‍ നശിപ്പിക്കുകയും സ്ഥാപനം അടച്ച് പൂട്ടുകയും ചെയ്തു. വരും ദിവസങ്ങളില്‍ നഗരത്തിലെ ഭക്ഷണ,പാനീയ വിതരണ കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും നഗരസഭ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു.