ലോക്സഭാ തെരഞ്ഞെടുപ്പ്:ഒന്നാംഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ്, ബംഗാളിലും മണിപ്പൂരിലും സംഘർഷം, വോട്ട് ചെയ്ത് പ്രമുഖർ

Advertisement

Advertisement

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ ഉച്ചവരെ ഭേദപ്പെട്ട പോളിംഗ്. ബംഗാളിലും മണിപ്പൂരിലും സംഘർഷങ്ങളുണ്ടായെങ്കിലും മറ്റിടങ്ങളിൽ പൊതുവിൽ സമാധാനപരമായാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. 102 മണ്ഡലങ്ങളിലെ വിവരങ്ങൾ പുറത്ത് വരുമ്പോൾ ഹിന്ദി ഹൃദയ ഭൂമിയിലെ മണ്ഡലങ്ങളിലാണ് കൂടുതൽ പോളിംഗ് നടന്നത്. ഉത്തർപ്രദേശിലും, മധ്യപ്രദേശിലും, രാജസ്ഥാനിലും, ബിഹാറിലും പോളിംഗ് ശതമാനം അൻപതിനടുത്തായി.

തമിഴ്നാട്ടിൽ ഉച്ചയ്ക്ക് 12 മണി വരെ 30 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് ആരംഭിച്ച രാവിലെ 7 മുതൽ തന്നെ ജനം പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. പ്രമുഖരിൽ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളായ രജനികാന്ത്,  അജിത്ത്, കമൽ ഹാസൻ, വിജയ്, വിജയ് സേതുപതി, ഖുഷ്ബു, ശിവകാർത്തികേയൻ, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ,  സംഗീത സംവിധായകൻ ഇളയരാജ  തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഇന്ത്യ മുന്നണി ജയിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ വോട്ട് രേഖപ്പെടുത്തതിയ ശേഷം പറഞ്ഞു. സേലത്ത് രണ്ട് വയോധികർ പോളിങ് ബൂത്തിൽ കുഴഞ്ഞു വീണ് മരിച്ചു.

ഏപ്രില്‍ 19-ന് ആരംഭിച്ച് ജൂണ്‍ ഒന്ന് വരെയുള്ള 44 ദിവസങ്ങള്‍ നീളുന്ന ദൈര്‍ഘ്യമേറിയ തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് ഇന്ന് തുടക്കമാകുന്നത്. രാജ്യത്തെ ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. എട്ട് കേന്ദ്ര മന്ത്രിമാര്‍ രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ ഒരു മുന്‍ ഗവര്‍ണര്‍ എന്നിവരടക്കം 1625 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.