എരുമപ്പെട്ടി വെള്ളറക്കാട് മനപ്പടിയില്‍ അനധികൃത മണ്ണെടുപ്പ് പോലീസ് തടഞ്ഞു

Advertisement

Advertisement

 

എരുമപ്പെട്ടി വെള്ളറക്കാട് മനപ്പടിയില്‍ അനധികൃതമായി നടത്തിയിരുന്ന മണ്ണെടുപ്പ് പോലീസ് തടഞ്ഞു. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് നിയമ വിരുദ്ധമായി മണ്ണെടുപ്പ് നടത്തിയിരുന്നത്. മണ്ണെടുത്തിരുന്ന ഒരു ജെ.സി.ബിയും മണ്ണ് കടത്തിയിരുന്ന ഒരു ടിപ്പര്‍ ലോറിയും പോലീസ് പിടിച്ചെടുത്തു. പോലീസ് ഉദ്യോഗസ്ഥര്‍ തൃശൂര്‍ പൂരം ഡ്യൂട്ടിക്ക് പോയ തക്കം മുതലെടുത്തായിരുന്നു മണ്ണെടുപ്പ്. റോഡിന്റെ പല ഭാഗങ്ങളിലും നിരീക്ഷണത്തിന് മണ്ണെടുപ്പ് സംഘാംഗങ്ങള്‍ നിന്നിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ അജിത്ത്, എസ്.ഐ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയാണ് മണ്ണെടുപ്പ് തടഞ്ഞത്. നിരീക്ഷണം നടത്തിയിരുന്ന മണ്ണെടുപ്പ് സംഘത്തിന്റെ കണ്ണ് വെട്ടിച്ച് മറ്റൊരു വഴിയിലൂടെയാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് ഓഫീസര്‍മാരായ അനില്‍, സഗുണ്‍, പ്രജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.